ക്യാപ്റ്റനും ബിജെപിയിലേക്ക്; അമരീന്ദർ സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Jul 1, 2022, 6:37 PM IST
Highlights

പഞ്ചാബ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും  പരാജയപ്പെട്ടു. കെട്ടിവെച്ച തുക പോലും നഷ്ടമായി.

ചണ്ഡീഗഡ്: കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 89 കാരനായ അമരീന്ദർ സിം​ഗ് ഇപ്പോൾ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദർ സിങ്ങുമായി സംസാരിച്ചതായും സൂചന‌യുണ്ട്. 

കോൺ​ഗ്രസിലെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം രാജിവെച്ചത്. പഞ്ചാബിലെ കോൺ​ഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദർ. പാർട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ, നേതൃത്വം മൂന്ന് തവണ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇനി അത് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ദില്ലിയിലെത്തി അമിത് ഷായുമായി ചർച്ച നടത്തിയതിന് ശേഷമാണ് പഞ്ചാബ് ലോക് കോൺ​ഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. 

പഞ്ചാബ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും  പരാജയപ്പെട്ടു. കെട്ടിവെച്ച തുക പോലും നഷ്ടമായി. നേരത്തെ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറും ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം. അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായി തുടരുകയാണ്. മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രണീത് കൗർ മകൾ ജയ് ഇന്ദർ കൗറിനെ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. 

click me!