മൊത്തം 37 മിനിറ്റ് പ്രസംഗിച്ച രാഹുൽ, 15 മിനിറ്റ് നേരത്തോളമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. ഇതിൽ 11 മിനിറ്റും സൻസദ് ടി വിയല്‍ കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആയിരുന്നുവെന്നും കോൺഗ്രസ്

ദില്ലി: മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ പുതിയ വിവാദം. രാഹുൽ ഗാന്ധിയുടെ പ്രസംഗസമയത്ത് ടി വിയില്‍ ഏറെനേരം സ്പീക്കറെ കാണിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സൻസദ് ടി വിയിൽ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ തുടര്‍ച്ചയായി സ്പീക്കറെ കാണിച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. 37 മിനിറ്റ് പ്രസംഗത്തില്‍ രാഹുലിനെ ടി വിയില്‍ കാണിച്ചത് 14 മിനിറ്റ് മാത്രമാണെന്നും ഇത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യവുമായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ് തന്നെ രംഗത്തെത്തി.

ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി, മോദിയെ രാവണനോട് ഉപമിച്ചു; ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി ബിജെപി

എന്താണ് മോദി ഇത്രക്കും ഭയക്കുന്നതെന്നാണ് ജയ്റാം രമേശ് ചോദിച്ചത്. രാഹുൽ ഗാന്ധി മൊത്തം 37 മിനിറ്റ് പ്രസംഗിച്ചപ്പോൾ ഏറെനേരവും സൻസദ് ടി വിയിൽ കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആണെന്നും അദ്ദേഹം ചൂണ്ടികാട്ടി. മണിപ്പൂരിനെ കുറിച്ച് സംസാരിച്ചപ്പോൾ രാഹുലിനെ ടി വിയിൽ തീരെ കാണിച്ചില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. മൊത്തം 37 മിനിറ്റ് പ്രസംഗിച്ച രാഹുൽ, 15 മിനിറ്റ് നേരത്തോളമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. ഇതിൽ 11 മിനിറ്റും സൻസദ് ടി വിയല്‍ കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആയിരുന്നുവെന്നും ഇത് പ്രതിഷേധാർഹമാണെന്നും ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.

അതിനിടെ ലോക്സഭയിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ന് ഫ്ലെയിങ് കിസ് വിവാദവും ഉയർന്നിട്ടുണ്ട്. ബി ജെ പിയിലെ വനിത എം പിമാരാണ് രാഹുലിനെതിരെ ഫ്ലൈയിങ് കിസ് പരാതിയുമായി രംഗത്തെത്തിയത്. സ്മൃതി ഇറാനിയും ശോഭ കരന്തലജെയുമാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്മൃതി ഇറാനിക്കും വനിത എം പിമാർക്കും നേരെ രാഹുൽ, ഫൈയിങ് കിസ് നല്‍കിയെന്നാണ് വിഷത്തെക്കുറിച്ച് ശോഭ കരന്തലജെ പ്രതികരിച്ചത്.

അതേസമയം ലോക്സഭയിൽ ഇന്ന് പ്രസംഗിച്ച രാഹുൽ ഗാന്ധി, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം