
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ഫലവും ട്രെന്‍റുകളുമൊക്കെയാണ് ഇരുവരും സംസാരിച്ചതെന്ന് നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയെ അപേക്ഷിച്ച് ജെഡിയുവിന്‍റെ പ്രകടനം മോശമാണെങ്കിലും മുന്‍ധാരണ അനുസരിച്ച് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ സംശയമൊന്നും ബിജെപി നേതാക്കള്‍ പ്രകടിപ്പിക്കുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഒരു മണിക്കൂര്‍ മുന്‍പ് എന്‍ഡിഎയും മഹാസഖ്യവും തമ്മിലുള്ള മാര്‍ജിന്‍ കുറഞ്ഞുവരുന്ന കാഴ്ചയായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്‍ഡിഎ നില മെച്ചപ്പെടുത്തി. 123-113 എന്ന നിലയിലാണ് ഒടുവില്‍ കണക്കുകള്‍ പ്രകാരം ഇരുമുന്നണികളും. മുപ്പതിൽ കൂടുതൽ മണ്ഡലങ്ങളിൽ ആയിരം വോട്ട് വ്യത്യാസത്തിലും നൂറിൽ കൂടുതൽ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് വ്യത്യാസത്തിലുമാണ് ഇരുമുന്നണികളുടേയും മുന്നേറ്റം.
തുടക്കത്തിൽ മുന്നേറ്റം നടത്തി പിന്നീട് പിന്നോട്ട് പോയ മഹാസഖ്യം ഒരു ഘട്ടത്തിൽ തിരിച്ചുവന്നെങ്കിലും എഡിഎ വീണ്ടും ലീഡ് പിടിക്കുകയായിരുന്നു. ബിജെപി മുന്നേറ്റത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രിയും അമിത് ഷായും പ്രവർത്തകരെ അഭിനന്ദനം അറിയിച്ചതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മാറിയ സാഹചര്യത്തിൽ ബിജെപി സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam