'അട്ടിമറിക്ക് ശ്രമം'; പരാതിയുമായി മഹാസഖ്യം, തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

By Web TeamFirst Published Nov 10, 2020, 8:58 PM IST
Highlights

ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം. 

പാറ്റ്‍ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി. പന്ത്രണ്ട് സീറ്റുകളിലാണ് ആര്‍ജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. മുന്ഗർ മണ്ഡലത്തിൽ ആര്‍ജെഡി സ്ഥാനാർത്ഥിയുടെ പോസ്റ്റൽ ബാലറ്റ് ക്യാൻസലാക്കുകയും 4 ഇവിഎം എണ്ണിയില്ലെന്നും ആര്‍ജെഡി ആരോപിക്കുന്നു.

കോണ്‍ഗ്രസും സമാനമായ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തെര.കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. 

ഒരുഘട്ടത്തില്‍ പിന്നോട്ട് പോയെങ്കിലും കേവലഭൂരിപക്ഷം തിരിച്ചുപിടിച്ച എന്‍ഡിഎ 125 സീറ്റുകളില്‍ മുന്നേറുകയാണ്. മഹാസഖ്യം 111 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ 18 ഇടത്തും മുന്നിലാണ്. ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം. തൊട്ടുപിന്നിൽ 73 സീറ്റുകളിൽ ബിജെപിയും മുന്നേറുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടത് പക്ഷം തുടക്കത്തിൽ ഉയർത്തിയ മുന്നേറ്റം നിലനിർത്തി 18 സീറ്റുകളിൽ മുന്നിലാണ്. അതേ സമയം 20 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. മഹാസഖ്യത്തിൽ വലിയ തിരിച്ചടി നൽകിയത് കോൺഗ്രസ് ആണെന്നാണ് വിലയിരുത്തൽ.

click me!