ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐയും

By Web TeamFirst Published Dec 15, 2019, 9:30 PM IST
Highlights
  • രാത്രി ഒൻപത് മണിക്ക് ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ എത്തിച്ചേരാനാണ് ആഹ്വാനം
  • യുവാക്കളോടും വിദ്യാർത്ഥികളോടും ദില്ലിയിലെ താമസക്കാരോടുമാണ് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്ത്. ദില്ലിയിലെ പൊലീസ് ആസ്ഥാനം ഉപരോധിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാത്രി ഒൻപത് മണിക്ക് ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ എത്തിച്ചേരാനാണ് യുവാക്കളോടും വിദ്യാർത്ഥികളോടും ദില്ലിയിലെ താമസക്കാരോടും ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് തന്നെ പ്രതികരിച്ചില്ലെങ്കിൽ ദില്ലിയിലെ സ്ഥിതി കശ്മീരിലേതിന് സമാനമാകുമെന്നാണ് ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തിരിക്കുന്നത്. ജെഎൻയു വിദ്യാർത്ഥികളുമായി ചേർന്നാവും ഡിവൈഎഫ്ഐയും പ്രതിഷേധിക്കുക. ഇന്ന് രാത്രി തന്നെ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ജെഎൻയു വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

രാത്രി ഒൻപത് മണിക്ക് മുൻപായി എല്ലാ ദില്ലി നിവാസികളും വിദ്യാർത്ഥികളും പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ എത്തിച്ചേരണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജെഎൻയുവിന് അകത്തുള്ള സബർമതി ധാബയിൽ എത്തിച്ചേരാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലിയിൽ അതിശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതിൽ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. ഇതിന് പിന്നാലെ പൊലീസുമായി കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് വെടിയുതിർത്തതായും ആരോപണമുയർന്നു. 

ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പൊലീസ്, ലൈബ്രറിയിലടക്കം കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു. ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായ പ്രതീതിയായിരുന്നു. പിന്നാലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ് സ്റ്റേഷനുകൾ ആണ് അടച്ചത്. പ്രതിഷേധം കനത്തതോടെ ദില്ലിയിൽ ഗതാഗതവും തടസ്സപ്പെട്ടു.

നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അക്രമ സംഭവങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്നും സർവ്വകലാശാലയ്ക്ക് സമീപത്ത് താമസിക്കുന്നവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

click me!