പൗരത്വ ഭേദഗതി പ്രക്ഷോഭം: ചെന്നൈയിൽ ഇന്ന് മഹാറാലി, കേരളത്തിൽ നിന്നുള്ള ലീഗ് എംഎൽഎമാർ മംഗലാപുരത്തേക്ക്

By Web TeamFirst Published Dec 23, 2019, 6:22 AM IST
Highlights
  • മംഗളൂരു നഗരത്തിൽ നിരോധനാഞ്ജ തുടരുന്നതിനാൽ എംഎൽഎമാരെ കർണാടക പോലീസ് തടഞ്ഞ് തിരിച്ചയക്കാനാണ് സാധ്യത
  • ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന റാലിക്ക് കമൽ ഹാസന്റെ മക്കൾ നീതി മയ്യവും പിന്തുണ അറിയിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കും. ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന റാലിയാണിത്. അതേസമയം കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മംഗലാപുരം സന്ദർശിക്കും.

എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എം.സി.ഖമറുദ്ദീൻ, പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് വെടിവയ്പ്പുണ്ടായ പ്രദേശങ്ങളും ഇവർ സന്ദർശിക്കും. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ബന്ധുക്കളെയും നേരിൽ കാണാനും ശ്രമിക്കും.

മംഗളൂരു നഗരത്തിൽ കർഫ്യൂ പിൻവലിച്ചെങ്കിലും നിരോധനാഞ്ജ ഇന്നും തുടരും. ഈ സാഹചര്യത്തിൽ കേരള എംഎൽഎമാരെ കർണാടക പോലീസ് തടഞ്ഞ് തിരിച്ചയക്കാനാണ് സാധ്യത. 

ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിന് നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യവും പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. 

നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കും. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഇന്നലെ പ്രതിഷേധ കരോൾ സംഘടിപ്പിച്ചു. മാനവീയം തെരുവോരം കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വനിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു തലസ്ഥാന നഗരത്തിലെ ഈ കരോൾ. പുതിയ നിയമം സാന്റാ തള്ളിക്കളഞ്ഞുവെന്ന പ്ലക്കാഡുമായിട്ടായിരുന്നു കുട്ടികൾ ഉൾപ്പടെയുള്ള കരോൾ സംഘം നീങ്ങിയത്. 

മാനവീയം വീഥിയിൽ നിന്നാരംഭിച്ച്, കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വരെ ഈ പ്രതിഷേധകരോൾ പ്രകടനമായി നീങ്ങി. ഭരണഘടനയുടെ ആമുഖം വായിച്ചാണ് കരോൾ പ്രതിഷേധം അവാനിപ്പിച്ചത്. നിയമത്തിനെതിരെ തുടർസമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് തെരുവോരം കലാസംഘം.

click me!