
ലേ: ലഡാക്കിലെ ലേയിൽ ഇന്ത്യൻ കരസേനയുടെ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) അടക്കം മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജിഒസി, ലഫ്റ്റനന്റ് കേണൽ, മേജർ എന്നിവർ സഞ്ചരിച്ച ചീറ്റ ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. മൂന്നുപേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപെട്ട ഹെലികോപ്ടറിനെ പശ്ചാത്തലമാക്കി മേജർ ജനറൽ പകർത്തിയ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മെയ് 20ന് നടന്ന അപകടത്തെക്കുറിച്ച് ഇന്ന് രാവിലെയാണ് അധികൃതർ സ്ഥിരീകരണം നൽകിയത്. ലേയുടെ തെക്കുകിഴക്കൻ ഭാഗത്തെ ടാങ്സ്റ്റെ മേഖലയിലാണ് ചീറ്റ ഹെലികോപ്ടർ തകർന്നുവീണത്. തേർഡ് ഇൻഫൻട്രി ഡിവിഷൻ ജിഒസി സച്ചിൻ മേത്തയുമായി പോയ ഹെലികോപ്ടറാണ് തകർന്നത്. ല്ഫ്റ്റനറ്റ് കേണലും മേജറുമായിരുന്നു പൈലറ്റുമാർ. അപകടത്തിന് ശേഷം മേജർ ജനറൽ സച്ചിൻ മേത്ത പകർത്തിയ സെൽഫിയിൽ മൂവരും കല്ലിന് മുകളിൽ ഇരിക്കുന്നതും സമീപത്തായി തകർന്ന ഹെലികോപ്ടറും കാണാം. അപകടകാരണം കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വർഷങ്ങൾ പഴക്കമുള്ള ചീറ്റ ഹെലികോപ്ടറുകളുടെ സുരക്ഷ സംബന്ധിച്ചു വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ ആണ് ഇപ്പോഴത്തെ അപകടം. 1970കളിൽ കരസേനയുടെ ഭാഗമായ ചീറ്റ ഹെലികോപ്ടറുകൾ 1984ൽ സിയാച്ചിനിൽ പാകിസ്താൻ സൈന്യത്തിനെതിരെ നടത്തിയ ഓപ്പറേഷൻ മേഘദൂതിലടക്കം ഭാഗമായിട്ടുണ്ട്. എന്നാൽ മുൻ വർഷങ്ങളിൽ ചീറ്റ ഹെലികോപ്ടറുകൾ അപകടങ്ങളിൽപെട്ട് നിരവധി സൈനികർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
നിലവിൽ ചീറ്റ ഹെലികോപ്ടറുകൾ സൈന്യം പിൻവലിക്കുകയാണ്. ഇതിന് പകരമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ ആയ നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ സൈന്യത്തിൻ്റെ ഭാഗമാകും. ഇവയ്ക്കുള്ള ഓർർഡർ കരസേന ഇതിനകം ഓർഡർ നൽകിയതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam