
ദില്ലി: തമിഴ്നാട്ടിലെ വിജയ് തരംഗം കൃത്യമായി പ്രവചിച്ചത് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ മാത്രമാണ്. ഇപ്പോഴിതാ രാജ്യം എത്ര നാൾ ബിജെപി ഭരിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്സിസ് മൈ ഇന്ത്യ മേധാവിയും തെരഞ്ഞെടുപ്പ് വിശകലന വിദദ്ധനുമായ പ്രദീപ് ഗുപ്ത. 2014-ൽ ആരംഭിച്ച ബിജെപിയുടെ ഈ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് പ്രദീപ് ഗുപ്തയുടെ വിലയിരുത്തൽ. ഭരണ രംഗത്ത് വലിയ വീഴ്ചകൾ ഉണ്ടാകാത്ത പക്ഷം കേന്ദ്രത്തിൽ ബിജെപിക്ക് ദീർഘകാലം അധികാരത്തിൽ തുടരാനാകുമെന്നാണ് പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടത്.
മുൻപ് കോൺഗ്രസ് ദീർഘകാലം രാജ്യം ഭരിച്ചത് പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഏകകക്ഷി മേധാവിത്വത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തെയും സമാനമായ ഏകകക്ഷി മേധാവിത്വമായാണ് അദ്ദേഹം വിലയിരുത്തുന്നത്. 1977 വരെ കോൺഗ്രസ് തുടർച്ചയായി രാജ്യം ഭരിച്ചിരുന്നു. അതിനുശേഷമാണ് പാർട്ടി പ്രതിസന്ധികൾ നേരിട്ടു തുടങ്ങിയതെന്ന് പ്രദീപ് ഗുപ്ത ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയത്തിൽ ഒരു തലമുറ എന്നത് ഏതാണ്ട് 20 വർഷത്തെ കാലയളവായാണ് കണക്കാക്കിയിരുന്നത്. ആ 20 വർഷത്തെ കാലയളവിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ഇനിയും തുടരാൻ കഴിയുമെന്നും പ്രദീപ് ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയത്തിൽ ഒരു നിശ്ചിത കാലയളവിലേക്കുള്ള 'ത്രെഷോൾഡ്' ഉണ്ടെന്ന് വിശദീകരിക്കാനാണ് അദ്ദേഹം കോൺഗ്രസിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചത്.
ബിജെപിക്ക് അനുകൂലമായ തുടർച്ചയായ ജനവിധി ജനങ്ങളുടെ പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണെന്നും, അതിനാൽ അവർ ഇനി മുതൽ 'മികച്ച പ്രകടനം' (സൂപ്പർ പെർഫോം) കാഴ്ച വെക്കേണ്ടതുണ്ടെന്നും പ്രദീപ് ഗുപ്ത പറഞ്ഞു. ഭരണ കക്ഷിയുടെയും പ്രതിപക്ഷത്തിന്‍റെയും ഭാവി പൂർണമായും നിലവിലെ സർക്കാരിന്‍റെ പ്രവർത്തന മികവിനെ ആശ്രയിച്ചിരിക്കുന്നു. കോൺഗ്രസിന്റെ കാര്യത്തിൽ, മുൻകാലങ്ങളിലെ മോശം ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകൾ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഒരു തിരിച്ചുവരവ് നടത്താൻ കോണ്‍ഗ്രസിന് കൂടുതൽ സമയമെടുക്കും. 2029 ആകുമ്പോഴേക്കും കോൺഗ്രസ് അധികാരത്തിൽ നിന്ന് മാറിയിട്ട് 15 വർഷത്തോളമാകും. രാജ്യത്തെ ജനങ്ങൾ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam