ആകെയുള്ളത് ഒരു ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും; റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിയുടെ പ്രസവമെടുത്ത് ആർമി ഡോക്ടർ

Published : Jul 06, 2025, 05:30 PM IST
railway platform delivery

Synopsis

ഝാൻസി റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഒരു സൈനിക ഡോക്ടർ ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ഉപയോഗിച്ച് ഒരു ഗർഭിണിയുടെ അത്ഭുതകരമായ പ്രസവത്തിന് നേതൃത്വം നൽകി. 

ഝാൻസി: ഝാൻസി റെയിൽവേ പ്ലാറ്റ്‌ഫോമിൽ ശനിയാഴ്ച സാക്ഷ്യം വഹിച്ചത് നാടകീയമായ രംഗങ്ങൾക്ക്. അത്ഭുതകരമായ ഒരു പ്രസവമാണ് റെയിൽവേ സ്റ്റേഷനില്‍ നടന്നത്. ഒരു ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ഉപകരണങ്ങളാക്കി മാറ്റി ഒരു യുവ സൈനിക ഡോക്ടറാണ് ഇതിന് നേതൃത്വം നൽകിയത്. ചുരുങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ പ്രസവം, കുഞ്ഞിന്‍റെ സുരക്ഷിതമായ ജനനം ഉറപ്പാക്കി. സംഭവം കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.

പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു ഗർഭിണിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ഝാൻസി സ്റ്റേഷനിൽ ഇറക്കുകയായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് കുമാർ സിംഗ് പറഞ്ഞു. ഗുരുതരമായ അവസ്ഥ മനസിലാക്കിയ ഒരു വനിതാ ടിക്കറ്റ് പരിശോധകയും സമീപത്തുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനും ഉടൻതന്നെ സഹായത്തിനെത്തി. ആർമി മെഡിക്കൽ കോർപ്സിലെ മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്‌വാല, തന്‍റെ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു റെയിൽവേ ജീവനക്കാരൻ വീൽചെയറിൽ വേദനകൊണ്ട് പുളയുന്ന ഒരു സ്ത്രീയെ കൊണ്ടുവരുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ ഇടപെട്ട അദ്ദേഹം റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമിൽ വെച്ചുതന്നെ സ്ത്രീക്ക് പ്രസവമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ശരിയായ ഒരു ഓപ്പറേഷൻ തിയേറ്ററിന്‍റെ സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ കൈവശമുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നുവെന്ന് മേജർ രോഹിത് ബച്‌വാല പിടിഐയോട് പറഞ്ഞു.

പൊക്കിൾക്കൊടി ക്ലാംപ് ചെയ്യാൻ അദ്ദേഹം ഒരു ഹെയർ ക്ലിപ്പാണ് ഉപയോഗിച്ചു. കുഞ്ഞ് സുരക്ഷിതയാണെന്ന് ഉറപ്പാക്കിയ ശേഷം ഒരു പോക്കറ്റ് കത്തി ഉപയോഗിച്ച് അത് മുറിച്ചു. അമ്മയും കുഞ്ഞും അപകടകരമായ അവസ്ഥയിലായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രസവവേദനയെ തുടർന്ന് ലിഫ്റ്റിന് സമീപം വെച്ച് യുവതി തളർന്നു വീണപ്പോഴാണ് താൻ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നിമിഷം പോലും പാഴാക്കാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ താൽക്കാലികമായി ഒരു പ്രസവ സ്ഥലം തയ്യാറാക്കുകയും ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് അടിസ്ഥാന ശുചിത്വം ഉറപ്പാക്കുകയും ചെയ്തു. ആ നിമിഷം ഞാൻ അവിടെ ഉണ്ടായിരുന്നത് ഒരു ദൈവിക ഇടപെടലായിരുന്നുവെന്നും മേജര്‍ രോഹിത് പറഞ്ഞു.

പ്രസവശേഷം റെയിൽവേ ജീവനക്കാർ ആവശ്യമായ സൗകര്യങ്ങൾ ഉടൻ ഒരുക്കി. അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു. ഇതിന് ശേഷം ഹൈദരാബാദിലേക്കുള്ള തന്‍റെ ട്രെയിനിന് തന്നെ പോകാനും മേജറിന് സാധിച്ചു. ഡോക്ടർമാർ എന്ന നിലയിൽ, യാത്രയിലായിരിക്കുമ്പോൾ പോലും ഞങ്ങൾ എപ്പോഴും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണം. രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം