'ഇപ്പോൾ ചർച്ചയ്ക്ക് പറ്റിയ സമയം, തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരഞ്ഞിട്ടു കാര്യമില്ല'; അഖിലേഷിന് മുന്നിൽ വാതിൽ തുറന്നിട്ട് ഒവൈസി

Published : Jul 26, 2026, 02:42 PM IST
Asaduddin Owaisi

Synopsis

സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ നടന്ന പരിപാടിയിലാണ് ഹൈദരാബാദ് എംപി കൂടിയായ ഒവൈസിയുടെ പ്രഖ്യാപനം.

മൊറാദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‍വാദി പാർട്ടിക്ക് മുന്നിൽ വാതിൽ തുറന്നിട്ട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബിജെപി വീണ്ടും അധികാരത്തിലേറാൻ താൽപര്യമില്ലെന്നും സമാജ്‍വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും ഒവൈസി പറഞ്ഞു. ഇപ്പോൾ ചർച്ചയ്ക്ക് പറ്റിയ സമയമാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരഞ്ഞിട്ടു കാര്യമില്ലെന്നും ഒവൈസി വ്യക്തമാക്കി. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അസദുദ്ദീൻ ഒവൈസി.

"ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ രൂപീകരിക്കാൻ താൽപര്യമില്ല. കൈകോർക്കാൻ ഞാൻ തയ്യാറാണ്. സഖ്യമുണ്ടാക്കാൻ ഞാൻ തയ്യാറാണ്. ഇന്ന് ചർച്ച നടത്തേണ്ട സമയമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം പിന്നീട് ഇരുന്ന് കരയരുത്"- അസദുദ്ദീൻ ഒവൈസി പറഞ്ഞു.

അഖിലേഷ് യാദവുമായി കൈകോർക്കാൻ തയ്യാറാണെന്ന് അസദുദ്ദീൻ ഒവൈസി നിലപാടറിയിച്ചു. "ഒവൈസി മത്സരിക്കുന്നത് ഞങ്ങൾക്ക് ദോഷം ചെയ്യുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്. ഞങ്ങളുടെ പോരാട്ടം ഞങ്ങളുടെ അന്തസ്സിനും നീതിക്കും വേണ്ടിയാണ്. ഞങ്ങൾക്ക് ഒരു പായയിൽ ഇരിക്കാൻ താൽപര്യമില്ല. ഞങ്ങൾക്ക് സമത്വമാണ് വേണ്ടത്. അഖിലേഷ് ആ കസേരയ്ക്ക് മുന്നിൽ ഇരിക്കുകയാണെങ്കിൽ, ഒവൈസി ആ കസേരയ്ക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും"- ഹൈദരാബാദ് എംപി കൂടിയായ ഒവൈസി പറഞ്ഞു.

അഖിലേഷ് യാദവിന് മുന്നിലുള്ള ഒവൈസിയുടെ വാഗ്ദാനത്തെ പരിഹസിച്ചു ബിദെപി വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. ഒവൈസി അഖിലേഷിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയാണെന്ന് പൂനവാല പരിഹസിച്ചു. പ്രീണനത്തിന്റെ കാര്യത്തിൽ അഖിലേഷ് യാദവും ഒവൈസിയും പരസ്പരം മത്സരിക്കുകയാണ്. ആരാണ് കൂടുതൽ പ്രീണനം നടത്തുന്നതെന്ന മത്സരം മാറ്റിവെച്ച് കൂട്ടുകെട്ടുണ്ടാക്കാം എന്ന് പറയുകയാണെന്നും പൂനവാല പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാർഗിൽ ദിനം: ജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
കേന്ദ്രത്തെ വിടാതെ രാഹുൽ; 'അമിത് ഷാ ഉത്തരം പറഞ്ഞേ തീരൂ...സമരം ചെയ്ത വിദ്യാർഥികളെ കൊല്ലാൻ ആരാണ് നിർദേശം നൽകിയത്'