
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ മരിച്ച നിലയിൽ. തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയാണ് മരിച്ചത്. വസതിക്ക് സമീപമുള്ള തൃണമൂൽ കോണ്‍ഗ്രസ് ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി ഓഫീസിൽ നിന്ന് കുറിപ്പും കണ്ടെടുത്തു. അഞ്ച് തവണ എംഎൽഎ ആയിരുന്ന ആശിഷ് ബാനർജി, മമത ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്നു.
ആശിഷ് ബാനർജിയെ ബീർഭൂം ജില്ലയിലെ രാംപൂർഹാട്ടിലുള്ള വസതിയോട് ചേർന്നുള്ള തൃണമൂൽ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'എന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നാണ് അവസാന കുറിപ്പിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ പ്രവർത്തകനായതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, തന്റെ കുടുംബാംഗങ്ങളോട് ഇനി രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ടു.
താരാപീഠ് രാംപൂർഹാട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി (ടിആർഡിഎ) ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. തനിക്ക് അധികാരങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു. യോഗങ്ങളിൽ പങ്കെടുക്കുന്നതല്ലാതെ ടിആർഡിഎയിൽ മറ്റു ചുമതലകളൊന്നും ഉണ്ടായിരുന്നില്ല. ടെൻഡർ കമ്മിറ്റിയിലോ ചെക്കുകളിൽ ഒപ്പിടാനോ പ്ലാനുകൾ അംഗീകരിക്കാനോ തനിക്ക് അധികാരമില്ലായിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം കുറിച്ചു.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ധ്രുവ സാഹയോട് ആശിഷ് ബാനർജി പരാജയപ്പെട്ടിരുന്നു. ആശിഷ് ബാനർജിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ തൃണമൂൽ എംപി അഭിഷേക് ബാനർജി രംഗത്തെത്തി. ബിജെപിയും ഒരുവിഭാഗം മാധ്യമങ്ങളും സത്യാവസ്ഥ തെളിയുന്നതിന് മുൻപ് രാഷ്ട്രീയ താല്പര്യങ്ങൾക്കായി വ്യക്തിഹത്യ നടത്തിയതിന്റെ ഫലമായാണ് ഒരു ജീവൻ നഷ്ടമായതെന്ന് അഭിഷേക് ബാനർജി വിമർശിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam