മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാർച്ചിനെ ബിജെപി രൂക്ഷമായി പരിഹസിച്ചു. സ്റ്റാലിനും കെജ്രിവാളും പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി, സഖ്യത്തിന് രാഹുൽ ഗാന്ധിയോട് വിശ്വാസമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി. പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നുമാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചത്. യോഗം ചേരുന്നതിന് മുൻപ് തന്നെ ഇന്ത്യ സഖ്യം പൊളിഞ്ഞുവെന്നും അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചു. ഇന്ത്യ സഖ്യത്തിനോ കോൺഗ്രസിന് പോലുമോ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ജനാധിപത്യം സിന്ദാബാദെന്നും തോറ്റാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുർദബാദെന്നും വിളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നയമെന്നും അദ്ദേഹം വിമർശിച്ചു.

ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം

അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ന് ചേർന്ന ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗത്തിലെ തീരുമാനം. ഒക്ടോബർ 6 ന് പ്രതിപക്ഷ എം പിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടും. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാര്‍ തെര‍ഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനര്‍ജി ആഞ്ഞടിച്ചു. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. യോഗത്തിൽ ഓൺലൈനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുത്തു. ഒരുമിച്ച് മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി. ഇലക്ഷൻ കമ്മീഷനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. നവംബർ 1 ന് ദില്ലിയിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും ഖാർഗെ അറിയിച്ചു.