നാലുവർഷം മുൻപാണ് ഇസ്രയേലി വിനോദസഞ്ചാരിക്ക് നേരേ പ്രതികൾ മോശമായി പെരുമാറിയ സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. അജ്മേറിലെ കിഷൻഘട്ട് ഡംപിങ് യാർഡിൽവെച്ച് യുവതി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവാക്കൾ മോശമായി പെരുമാറിയത്.

അജ്മേർ: രാജസ്ഥാനിലെ അജ്മേറിൽ ഇസ്രയേലി വനിതയ്ക്ക് നേരേ അശ്ലീല ആം​ഗ്യങ്ങൾ കാണിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത നാല് യുവാക്കൾ അറസ്റ്റിൽ. രാംനേർ റോഡ് നിവാസികളായ മുഹമ്മദ് ഫർഹാൻ, മുഹമ്മദ് അസീം, ഫർഹാൻ, അക്തർ അലി എന്നിവരെയാണ് അജ്മേർ എസ്പിയുടെ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

നാലുവർഷം മുൻപാണ് ഇസ്രയേലി വിനോദസഞ്ചാരിക്ക് നേരേ പ്രതികൾ മോശമായി പെരുമാറിയ സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. അജ്മേറിലെ കിഷൻഘട്ട് ഡംപിങ് യാർഡിൽവെച്ച് യുവതി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവാക്കൾ മോശമായി പെരുമാറിയത്. അശ്ലീലച്ചുവയോടെ മോശമായി സംസാരിക്കുകയും യുവതിക്ക് നേരേ അശ്ലീലആം​ഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വീഡിയോയിലുള്ള യുവാക്കളെ തിരിച്ചറിയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേസമയം, സംഭവത്തിൽ പ്രതികളെ പിടികൂടിയ പൊലീസിന് നന്ദി അറിയിക്കുന്നതായി ഇസ്രയേലി യുവതി പ്രതികരിച്ചു. നാലുവർഷം മുൻപ് ചിത്രീകരിച്ച വീഡിയോയായിരുന്നു പ്രചരിച്ചത്. രസകരമായ യാത്രയുടെ ഓർമയ്ക്കായാണ് വീഡിയോ പങ്കുവെച്ചത്. ആ വീഡിയോയിൽ യുവാക്കൾ പറയുന്നത് മോശംകാര്യമാണെന്ന് അന്ന് തനിക്ക് മനസിലായിരുന്നില്ലെന്നും യുവതി പറഞ്ഞു. ഏകദേശം ആറുമാസത്തോളമാണ് താൻ ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്രചെയ്തത്. ഇന്ത്യയോട് ഇപ്പോഴും വലിയ സ്നേഹമാണ്. വീഡിയോയിലുള്ള നാലുപേർ യഥാർഥ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ല. വീഡിയോ പ്രചരിച്ചതോടെ അതിലെ മോശംകാര്യങ്ങൾ ചൂണ്ടിക്കാട്ടുകയും പ്രതികരിക്കുകയും ചെയ്ത ഇന്ത്യക്കാരോടെല്ലാം നന്ദിയുണ്ട്. ഇനിയും ഇന്ത്യ സന്ദർശിക്കാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും യുവതി പറഞ്ഞു.