
ദില്ലി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ സയീദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ വെളിപ്പെടുത്തി. ശരിക്കും ജോലി വൈകിട്ട് 4 മണിക്ക് ശേഷം ആണെന്ന് ഷഹീൻ ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. റിസർച്ച് സെന്ററിലെ 'പകൽ ജോലി' കഴിഞ്ഞ് എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തന്റെ 'ജോലി' ആരംഭിക്കൂ എന്നുള്ള ഷഹീന്‍റെ സംസാരത്തിൽ ദുരൂഹത തോന്നിയിരുന്നു എന്നാണ് സഹപ്രവർത്തകർ ദേശീയ മാധ്യമമായ എൻഡിടിവിയോട് വെളിപ്പെടുത്തിയത്.
ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. കോളജിലെ അച്ചടക്കം പാലിക്കാൻ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്ത് പോകാറുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു. സ്ഫോടകവസ്തുക്കൾ കൊണ്ടുവരാൻ പ്രതികൾ ഉപയോഗിച്ച രണ്ട് കാറുകളെങ്കിലും സയീദിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറും ഒരു മാരുതി ബ്രസ കാറുമാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്നും പൊലീസ് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. ബ്രെസ്സ കാർ ഷഹീൻ തന്നെയാണ് സ്ഥിരമായി ഓടിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ഡോ. ഷഹീൻ ഷാഹിദ് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാസ്‌പോർട്ടിനായി അപേക്ഷിച്ച ഷഹീൻ, കൂട്ടാളികൾ പദ്ധതിക്ക് അന്തിമരൂപം നൽകുമ്പോൾ ദുബായിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു . എന്നാൽ, ജമ്മു കശ്മീർ, സഹാറൻപൂർ, ഫരീദാബാദ് എന്നിവിടങ്ങളിലുണ്ടായ അറസ്റ്റുകളോടെ ഭീകര ബന്ധം പുറത്തുവരികയും ഷഹീൻ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പൊലീസ് ഇവരെ പിടികൂടുകയും ആയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam