
ദില്ലി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മര്‍ദിച്ചു കൊന്ന കേസില്‍ കുറ്റപത്രം പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍. യുപി ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖ് എന്നയാളെ 2015ല്‍ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി നേതാവിന്‍റെ മകനുള്‍പ്പെടെയുളള പ്രതികള്‍ക്കെതിരെ കുറ്റപത്രം പിന്‍വലിക്കാന്‍ സൂരജ് പൂര്‍ കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. അപേക്ഷ ഡിസംബര്‍ 12ന് കോടതി പരിഗണിക്കും.
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകമെന്ന കിരാതമായ കുറ്റകൃത്യത്തിന് തുടക്കം കുറിച്ച സംഭവമായിരുന്നു ദാദ്രിയിലേത്. 2015 സെപ്റ്റംബര്‍ 28ന് ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുളള ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖെന്ന കര്‍ഷകനാണ് ആള്‍ക്കൂട്ട വിചാരണയ്ക്കൊടുവില്‍ കൊല്ലപ്പെട്ടത്. പശുക്കിടാവിനെ കൊന്നതായി ക്ഷേത്രത്തിലൂടെ മൈക്കിലൂടെ വിളിച്ചു പറഞ്ഞതിന് തുടര്‍ന്നാണ് പതിനെട്ട് പ്രതികള്‍ അക്രമം നടത്തിയത്. കര്‍ഷകനായ അഖ് ലാഖിന്‍റെ വീട്ടിലെത്തിയ സംഘം ഇയാളെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. അഖ് ലാഖിന്‍റെ മകന്‍ ഡാനിഷിനെ അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല. ബിജെപി പ്രാദേശിക നേതാവ് സജ്ജയ് റാണയുടെ മകന്‍ വിശാന്‍ റാണയാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചി മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തിയപ്പോള്‍ ആട്ടിറച്ചി ആണെന്ന് സ്ഥിരീകരിച്ചു.
ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ രാജ്യമെങ്ങും പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നു. ഇതോടെ കുറ്റപത്രത്തില്‍ നിന്ന് പശുവിറച്ചി എന്നത് ഒഴിവാക്കി. മാസങ്ങള്‍ക്കപ്പുറം മഥുര ഫോറന്‍സിക് ലാബില്‍ ഇറച്ചി വീണ്ടും പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പശുവിറച്ചി എന്ന് പരിശോധനാഫലത്തില്‍ വ്യക്തമായി. പരിശോധനയില്‍ അട്ടിമറി ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും പൊലീസ് അഖ് ലാഖിന്‍റെ കുടുംബത്തിലെ 5പേരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. ഇതാകട്ടെ കോടതി ഇടപെട്ട് തടഞ്ഞു.
മഥുരയിലെ ഫോറന്‍സിക് പരിശോധനാഫലം ആയുധമാക്കിയാണ് കേസിലെ കുറ്റപത്രം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. വിശാല്‍ റാണെ അടക്കം ബിജെപി ബന്ധമുളള പതിനെട്ട് പേരാണ് പ്രതികള്‍. ഇതില്‍ രണ്ടു പേര്‍ വിചാരണയ്ക്കിടെ മരിച്ചു. ബിജെപിയുടെ സമ്മര്‍ദമാണ് കുറ്റപത്രം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam