
ഗുവാഹത്തി: സ്വന്തം വീട്ടിൽനിന്ന് ലോക്കർ തകർത്ത് 50 ലക്ഷത്തോളം രൂപയും ആഭരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗർവാളി(25)നെയാണ് പിതാവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഗുജറാത്തിലേക്ക് മുങ്ങിയ പ്രതിയെ പിതാവ് തന്നെ തന്ത്രപൂർവം നാട്ടിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
കുടുംബബിസിനസിൽ പങ്കാളിയായ പ്രതി കാമുകിയ്ക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനും കാമുകിയ്ക്കൊപ്പമുള്ള ആഡംബരജീവിതത്തിനുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പിതാവ് പണവും സ്വർണവും സൂക്ഷിച്ചത് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു. ഓഗസ്റ്റ് 11-ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. പിതാവിന്റെ മുറിയിൽ കയറി ലോക്കർ തകർത്ത ഇയാൾ പണവും ആഭരണങ്ങളും കൈക്കലാക്കുകയായിരുന്നു.
മോഷണത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യമേ വ്യക്തമായിരുന്നു. ഇതിനിടെ, സംഭവത്തിന് പിന്നാലെ യഷ് അഗർവാൾ വീട്ടിൽനിന്ന് പോയതും സംശയത്തിനിടയാക്കി. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്ന് കണ്ടെത്തി. ഇതോടെ പിതാവ് തന്നെ അഹമ്മദാബാദിലെത്തി മകനെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും പൊലീസിന് കൈമാറുകയുമായിരുന്നു.
സുഹൃത്തുക്കളായ ജിത്തു സോമാനി, രോഹിത് പ്രസാദ് എന്നിവരുടെ പ്രേരണയിലാണ് സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്നായിരുന്നു യഷ് അഗർവാളിന്റെ മൊഴി. ലോക്കർ തകർക്കാനായി ഒരു കൊല്ലന്റെ സഹായം തേടിയതായും ഇയാൾ സമ്മതിച്ചു. കാമുകിയായ പുബാലിക്ക് വേണ്ടി മോഷണമുതലിൽനിന്ന് അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചു. ഒന്നരലക്ഷം രൂപയ്ക്ക് കാമുകിയ്ക്ക് ഐഫോൺ വാങ്ങിനൽകി. കാമുകിയ്ക്ക് കുറച്ച് പണവും നൽകിയെന്നും കാമുകിയ്ക്കൊപ്പം ആഡംബര ഹോട്ടലുകളിൽ താമസിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
യഷ് അഗർവാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണം വിൽക്കാനടക്കം ഇവർ സഹായംചെയ്തെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കാമുകിയെ ഇതുവരെ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാൽ, യുവതിയെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ യഷ് അഗർവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam