തമിഴ്നാട്ടിൽ 250 പുതിയ ബസുകൾ നിരത്തിലിറങ്ങി. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. 130 ലോ ഫ്ലോർ ഇലക്ട്രിക് ബസുകളും 120 മറ്റ് ബസുകളുമാണ് പുതിയതായി നിരത്തിലിറങ്ങിയത്.

ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റദിവസം 250 പുതിയ ബസുകൾ നിരത്തിലിറങ്ങി. മെട്രോപൊളിറ്റൽ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി), തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവിടങ്ങളിലേക്ക് വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് നിർവഹിച്ചു. പുതിയ ബസുകളിൽ 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകളാണ്. സംസ്ഥാന സർക്കാരിൻ്റെ ഗ്രീൻ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുന്നത്. പുതിയ ബസുകളിൽ മുഖ്യമന്ത്രി വിജയ് പരിശോധനയും നടത്തി.

വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലൻഡിൻ്റെ അനുബന്ധസ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയിൽ നിന്നാണ് ഇലക്ട്രിക് ബസുകൾ വാങ്ങിയത്. 130 ഇലക്ട്രിക് ബസുകൾക്കായി 234.5 കോടി രൂപയാണ് ചെലവഴിച്ചത്. 120 മറ്റ് ബസുകൾക്കായി 55.8 കോടി രൂപ ചെലവായി. പുതിയതായി വാങ്ങിയ 130 ബസുകളിൽ 80 എണ്ണം എംടിസിയുടെ അലന്ദൂ‍ർ ഡിപ്പോയിലും 50 എണ്ണം സെൻട്രൽ ഡിപ്പോയിലും വിന്യസിക്കും. നിലവിൽ ചെന്നൈയുടെ പരിധിയിൽ പ്രവർത്തിക്കുന്ന എംടിസി 625 ലോ ഫ്ലോ‍ർ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.

Scroll to load tweet…

ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'വെട്രി പയനം പദ്ധതി' വിജയ്‍യുടെ നേതൃത്വത്തിലുള്ള സർക്കാർ വിപുലീകരിച്ചിരുന്നു. സ്ത്രീകൾക്ക് ‍ഡീലക്സ്, എൽഎസ്എസ്, എക്സ്പ്രസ്, മൊഫ്യൂസൽ ബസുകളിലും യാത്ര സൗജന്യമാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ​ഒക്ടോബർ രണ്ട് ​ഗാന്ധി ജയന്തി മുതൽ ഡീലക്സ്, എക്സ്പ്രസ് ബസുകളിലെ സൗജന്യ യാത്ര പ്രാബല്യത്തിൽ വരും. ഇതോടെ സംസ്ഥാനത്തെ 4,641 ബസുകളിൽ കൂടി സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകും.