
ഝാൻസി: കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എംപിയുമായിരുന്ന അതിഖ് അഹമ്മദിൻ്റെ ഇളയ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ ഝാൻസിയിലാണ് സംഭവം. അബാൻ സഞ്ചരിച്ച കാർ അമിത വേഗതയിൽ എത്തി ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് സോനുവും കൊല്ലപ്പെട്ടു. ജയിലിൽ കഴിയുന്ന മൂത്ത സഹോദരൻ അലി അഹമ്മദിനെ കാണാനായി പ്രയാഗ്രാജിൽനിന്ന് ഝാൻസിയിലേക്ക് പോകുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച രാവിലെ 10:30 ഓടെ ആണ് അപകട വിവരം പൊലീസിന് ലഭിച്ചതെന്ന് ഝാൻസി എസ്എസ്പി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അപകടത്തിൽപെട്ട ഹ്യുണ്ടായ് ക്രെറ്റ കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2023 ഏപ്രിൽ 13ന് അതിഖ് അഹമ്മദിൻ്റെ 19കാരനായ മകൻ അസാദ് അഹമ്മദിനെയും ഇയാളുടെ കൂട്ടാളി ഗുലാമിനെയും ഉത്തർ പ്രദേശ് ടാസ്ക് ഫോഴ്സ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. 2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന അഭിഭാഷകനായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും ഒളിവിൽ കഴിയവെ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. 2023 ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെയും രണ്ട് പൊലീസുകാരെയും വീടിന് പുറത്തുവെച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ അസാദ് അടക്കം നാലുപേരായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അസാദ് കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം, 2023 ഏപ്രിൽ 15നാണ് അതിഖ് അഹമ്മദും സഹോദരനായ ഖാലിദ് അസിമും പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അതിഖ് അഹമ്മദ്. അതിഖിനെയും ഖാലിദിനെയും വൈദ്യപരിശോധനയ്ക്ക് എത്തിച്ചതിനിടെ മൂന്നംഗ അക്രമി സംഘം ഇരുവർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസുകാരും മാധ്യമപ്രവർത്തകരുമടക്കം ഉളളപ്പോഴാണ് ആക്രമണം നടന്നത്. പ്രതികളെ ഉടൻതന്നെ പൊലീസ് പിടികൂടി.
അതിഖ് അഹമ്മദിൻ്റെ അഞ്ചു മക്കളിൽ രണ്ടുപേർ നിലവിൽ ജയിലിലാണ്. മൂത്തമകൻ ഉമർ അഹമ്മദ് ലഖ്നൗ ജയിലിലും രണ്ടാമത്തെ മകൻ അലി അഹമ്മദ് ഝാൻസിയിലെ ജയിലിലുമാണ്. നാലാമത്തെ മകനാണ് കൊല്ലപ്പെട്ട അസാദ് അഹമ്മദ്. ഏറ്റവും ഇളയ മകനാണ് ഇപ്പോൾ കൊല്ലപ്പെട്ട അബാൻ അഹമ്മദ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam