
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ചീഫ് എ്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) തിരഞ്ഞെടുക്കാനായി മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്ലിയെ അധ്യക്ഷനാക്കിയാണ് സമിതി രൂപീകരിച്ചത്. റിട്ട. ലഫ്. ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹൗഡേ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേർന്ന ട്രസ്റ്റിൻ്റെ അടിയന്തര യോഗത്തിലാണ് രാമക്ഷേത്രത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ട്രസ്റ്റിൽ സിഇഒയെ നിയമിക്കാൻ തീരുമാനിച്ചത്.
മൂന്നംഗ സമിതി അഭിമുഖം നടത്തിയ ശേഷം മൂന്നുപേരുകൾ തങ്ങൾക്ക് കൈമാറുമെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, യോഗത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി അംഗീകരിച്ചു. പുതിയ ജനറൽ സെക്രട്ടറിയെ നിയമിക്കുംവരെ ട്രസ്റ്റി കൃഷ്ണ മോഹൻ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും.
സംഭാവനക്കൊള്ളയിൽ ചമ്പത് റായിക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് തൻ്റെ വിശ്വാസമെന്ന് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. സംഭാവനക്കൊള്ള വലിയ വേദനയും നാണക്കേടും ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്ക തക്ക ശിക്ഷ ലഭിക്കുമെന്ന് ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിതനായ കൃഷ്ണ മോഹൻ പറഞ്ഞു. സംഭാവനക്കൊള്ള ട്രസ്റ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ജനങ്ങളുടെ വിശ്വാസം ട്രസ്റ്റ് വീണ്ടെടുക്കുമെന്നും കൃഷ്ണ മോഹൻ പറഞ്ഞു.
സംഭാവനക്കൊള്ളയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആർക്കെതിരെയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷണ സംഘത്തെ സമീപിക്കാമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. സംഭാവനയായി കിട്ടിയ 2,826 വസ്തുക്കളുടെ രജിസ്റ്റർ ആവശ്യമുള്ളവർക്ക് പരിശോധിക്കാമെന്നും ട്രസ്റ്റ് അറിയിച്ചു. വിവാദങ്ങൾക്കിടയിലും രാമക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam