ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പാക് നിർമിത സൗന്ദര്യവർധക ക്രീമിന് നിരോധനമേർപ്പെടുത്തി മഹാരാഷ്ട്ര. വൃക്കസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നരീതിയിൽ മാരകമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പാക് നിർമിത ബ്യൂട്ടി ക്രീമിന് നിരോധനമേർപ്പെടുത്തിയത്.
മുംബൈ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പാക് നിർമിത സൗന്ദര്യവർധക ക്രീമിന് നിരോധനമേർപ്പെടുത്തി മഹാരാഷ്ട്ര. പാകിസ്ഥാനിൽ നിർമിക്കുന്ന 'ഗോറി ബ്യൂട്ടി ക്രീം' (Goree Beauty Cream)-ന്റെ വിൽപ്പനയും വിതരണവുമാണ് മഹാരാഷ്ട്രയിൽ നിരോധിച്ചത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റേതാണ് നടപടി.
വൃക്കസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നരീതിയിൽ മാരകമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പാക് നിർമിത ബ്യൂട്ടി ക്രീമിന് നിരോധനമേർപ്പെടുത്തിയത്. എക്സ്പിയറി ഡേറ്റ് പോലും രേഖപ്പെടുത്താതെയാണ് ഉത്പന്നങ്ങൾ വിറ്റഴിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നാഗ്പുരിൽ ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചവർക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിച്ചിരുന്നു. നാഗ്പുരിലെ ഒട്ടേറെ സ്ത്രീകളാണ് ഇത്തരത്തിൽ പരാതിയുമായി സമീപിച്ചത്. തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.
ഓൺലൈൻ വഴി വാങ്ങിയാണ് ഗോറി ബ്യൂട്ടി ക്രീം പലരും ഉപയോഗിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം രണ്ടുവർഷത്തോളമായി സ്ഥിരമായി ഉപയോഗിച്ചിരുന്നവർക്കാണ് പിന്നീട് വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരാതി ഉയർന്നതോടെ വിവിധ സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ വൃക്കകളെ തകരാറിലാക്കുന്ന വിധം മെർക്കുറിയുടെ അംശം അടങ്ങിയിരുന്നതായി കണ്ടെത്തിയത്. ഇത്തരം ക്രീമുകളുടെ ദീർഘകാല ഉപയോഗം നാഡീവ്യവസ്ഥയെയും മറ്റ് അവയവങ്ങളെയും ബാധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഗോറി ബ്യൂട്ടി ക്രീമിന് സംസ്ഥാനത്ത് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താനും ഉത്തരവിട്ടിട്ടുണ്ട്. നാഗ്പുർ ഉൾപ്പെടെയുള്ള ജില്ലകളിൽ റെയ്ഡ് നടത്തി ബ്യൂട്ടി ക്രീമിന്റെ സ്റ്റോക്ക് പിടിച്ചെടുക്കാനാണ് നിർദേശം.


