
ബെംഗളൂരു: യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മെട്രോ നിരക്ക് വർദ്ധനയിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചു. പല റൂട്ടുകളിലും 30 ശതമാനം വരെ കുറവുണ്ടാകുമെന്നും മാറ്റം ഉടൻ നടപ്പിലാക്കുമെന്നുമാണ് അറിയിപ്പ്. ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവുവാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളുടെ പ്രതികരണം ബോർഡ് ചർച്ച ചെയ്തെന്നും അസാധാരണ വർദ്ധനവുണ്ടായ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും മഹേശ്വര റാവു അറിയിച്ചു. ഇത് സ്ഥിരം യാത്രക്കാർക്ക് ആശ്വാസകരമാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചില റൂട്ടുകളിൽ ഇരട്ടിയായി നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മെട്രോ ജീവനക്കാരും വൻ തോതിൽ നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. യാത്രക്കാരുടെ സൌകര്യത്തിനാണ് മെട്രോ മുൻഗണന നൽകുന്നതെന്ന് മാനേജിങ് ഡയറക്ടർ പ്രതികരിച്ചു.
2017 ന് ശേഷം ബെംഗളൂരു മെട്രോയുടെ യാത്രാനിരക്കിലെ ആദ്യ വർധനയാണിതെന്ന് മഹേശ്വര റാവു ചൂണ്ടിക്കാട്ടി, തിരക്കേറിയ നഗരത്തിന്‍റെ പൊതുഗതാഗത മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി മെട്രോ ലൈനുകൾ വികസിപ്പിക്കാൻ ബിഎംആർസിഎൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ നിരക്ക് കുറച്ചില്ലെങ്കിൽ മെട്രോ ബഹിഷ്‌കരിക്കുമെന്ന് നിരവധി യാത്രക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 8.5 - 9 ലക്ഷം പേർ യാത്ര ചെയ്യുന്ന ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനയ്ക്ക് പിന്നാലെ പ്രതിദിനം 20,000 മുതൽ 30,000 വരെ യാത്രക്കാരുടെ കുറവുണ്ടായി. പിന്നാലെയാണ് കൂട്ടിയ നിരക്കിൽ കുറവ് വരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം