ഇനി 'ഡീംഡ് ടു ബി യൂണിവേഴ്സിറ്റി'; കേന്ദ്ര അംഗീകാര നിറവിൽ ബെംഗളൂരുവിലെ മൗണ്ട് കാർമ്മൽ കോളേജ്

Published : Jun 25, 2026, 08:53 PM IST
Bengaluru Mount Carmel College

Synopsis

ബെംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിന് അഭിമാന നിമിഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജിന് 'ഡീംഡ് ടു ബി യൂണിവേഴ്സിറ്റി' അംഗീകാരം നൽകി. യുജിസി ശുപാർശയിലാണ് നിർണായക നേട്ടം. 

ബെംഗളൂരു: ബെംഗളൂരുവിലെ മൗണ്ട് കാർമ്മൽ കോളേജിന് 'ഡീംഡ് ടു ബി യൂണിവേഴ്സിറ്റി' അം​ഗീകാരം. യുജിസിയുടെ ശുപാ‍ർശയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് കോളേജിന് അം​ഗീകാരം നൽകിയത്. ജൂൺ 25ന് നടന്ന യോ​ഗത്തിൽ കാർമ്മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻ്റ്. തെരേസ സുപ്പീരയ‍ർ ജനറലും മൗണ്ട് കാർമ്മൽ എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡൻ്റുമായ സിസ്റ്റർ ജോസ് ലിനറ്റ് ആണ് അം​ഗീകാരം സംബന്ധിച്ച ഔദ്യോ​​ഗിക പ്രഖ്യാപനം നടത്തിയത്. യോ​ഗത്തിൽ, സിസ്റ്റർ ജോസ് ലിനറ്റും മാനേജ്മെൻ്റും ചേ‍ർന്ന് യൂണിവേഴ്സിറ്റിയുടെ പുതിയ ലോ​ഗോയും പുറത്തിറക്കി.

മൗണ്ട് കാർമ്മൽ കോളേജിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി അംഗീകാരം. മാനേജ്മെൻ്റിൻ്റെയും ജീവനക്കാരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനം കൂടിയാണ് നേട്ടം. വിദ്യാഭ്യാസ ഗുണനിലവാരം, ഉൾക്കൊള്ളൽ, സമത്വം, മിതമായ ചെലവ് എന്നിവയിലധിഷ്ഠിതമായ ഉന്നതവിദ്യാഭ്യാസം നൽകി, 'വികസിത ഭാരതം 2047' എന്ന രാജ്യ ലക്ഷ്യത്തിനൊപ്പം നിലകൊള്ളുന്ന ഒരു സർവകലാശാലയായി മാറുകയാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യം.

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ രംഗത്ത് തങ്ങളുടെ സ്ഥാപകയായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു പദവിയും അതോടൊപ്പം ഒരു വലിയ ഉത്തരവാദിത്തവുമാണെന്ന് സിസ്റ്റർ ജോസ് ലിനറ്റ് അഭിപ്രായപ്പെട്ടു. അവരുടെ പഠനങ്ങളിൽ അധിഷ്ഠിതമായും സമഗ്രമായ ബഹുവിഷയ വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളൽ, ശാക്തീകരണം എന്നീ തത്വങ്ങളാൽ നയിക്കപ്പെട്ടും വരുംതലമുറകളെ വാർത്തെടുക്കാനും രാജ്യത്തിന്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകാനും ഈ സർവകലാശാല പൂർണമായും സജ്ജമായിട്ടുണ്ടെന്നും സിസ്റ്റർ ജോസ് ലിനറ്റ് കൂട്ടിച്ചേർത്തു.

78 വർഷത്തെ പാരമ്പര്യമുള്ള മൗണ്ട് കാർമ്മൽ കോളേജ്, ബെം​ഗളൂരുവിലെ വസന്ത് ന​ഗറിലുള്ള നമ്പ‍ർ 58 പാലസ് റോഡിലാണ് സ്ഥിതിചെയ്യുന്നത്. 1944ൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച മൗണ്ട് കാർമ്മൽ, 1948ൽ ബെംഗളൂരു പ്രവ‍ർത്തന മേഖലയാക്കി. വനിതകളുടെ വിദ്യാഭ്യാസത്തിന് ഉയർന്ന ആവശ്യകത ഉണ്ടായതോടെ ആണ് സ്ഥാപനം ബെം​ഗളൂരുവിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. 2005ൽ കോളേജിന് ഓട്ടോണോമസ് പദവി ലഭിച്ചു. 2023ൽ ഓട്ടോണോമസ് പദവി 10 വർഷത്തേക്ക് കൂടി നീട്ടി ലഭിച്ചു.

രാജ്യത്ത് തന്നെ അഞ്ച് തവണ എൻഎഎസി (NAAC) അക്രഡിറ്റേഷന് വിധേയമായിട്ടുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് മൗണ്ട് കാർമ്മൽ കോളേജ്. 2023ൽ കോ-എഡ്യൂക്കേഷൻ സ്ഥാപനമായി മാറി. നിലവിൽ 54 അണ്ടർ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമുകളും 18 പോസ്റ്റ് ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമുകളും 11 ഡോക്ടറൽ പ്രോ​ഗ്രാമുകളും കോളേജ് കൈകാര്യം ചെയ്യുന്നു. രാജ്യത്തെ ഉന്നത 20 കോളേജുകളുടെ പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കാനും മൗണ്ട് കാർമ്മലിന് കഴിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: കേസെടുത്ത് യുപി പൊലീസ്, എ‌ട്ട് പേർക്കെതിരെ എഫ്ഐആർ
കുടുംബത്തിന്റെ അഭിമാനം കാക്കാൻ കാമുകനൊപ്പം ചേർന്ന് കൊലപാതകം, ഒടുവിൽ കസ്റ്റഡിയിൽ പരസ്പരം പഴിചാരി സിയയും ചേതനും