തെലങ്കാനയിലെ ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികളെ വിലക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ കോൺഗ്രസ് എംപി ശശി തരൂർ രൂക്ഷമായി വിമർശിച്ചു. ഈ നടപടി ജനാധിപത്യത്തിന് നാണക്കേടാണെന്നും എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്ന 115 പേർക്കാണ് പ്രവേശനം നിഷേധിച്ചത്.
ദില്ലി: തെലങ്കാനയിലെ ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികളെ വിലക്കിയ സംഭവത്തിൽ എതിർപ്പുമായി കോൺഗ്രസ് എംപി ശശി തരൂർ. നടപടി നിരാശാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടായ നടപടിയാണെന്നും എതിർ ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ പറഞ്ഞു. പരിപാടിക്കായി വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്ന 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ അവരുടെ വിസ റദ്ദാക്കപ്പെടുകയോ ചെയ്തുവെന്ന വിവരം ഹൈദരാബാദിൽ എത്തിയപ്പോഴാണ് അറിയുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത് സംഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്രയും കടുത്ത നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല. എന്നാൽ സമ്മേളനം നാളെ അവസാനിക്കുന്നതിനാൽ ഈ തീരുമാനം ഇനി തിരുത്തുക അസാധ്യമാണ്. വിമർശനാത്മകമായേക്കുമെന്ന് ഭയപ്പെടുന്ന ഏത് ശബ്ദത്തെയും അടിച്ചമർത്താൻ മാത്രം അരക്ഷിതാവസ്ഥയിലായിപ്പോയി അഭിമാനകരമായ ഒരു ജനാധിപത്യം എന്നത് എത്രത്തോളം ലജ്ജാകരമാണെന്നും തരൂർ കുറിച്ചു.












