
ദില്ലി: ആംആദ്മി പാർട്ടിയുടെ (AAm aadmi party) ചരിത്ര മുന്നേറ്റത്തിൽ പഞ്ചാബിൽ (Punjab) സൂപ്പർമാനായി ഭഗവന്ത് മൻ(Bhagwant Mann ). ജനങ്ങളുടെ അഭിപ്രായം തേടിയുള്ള ആംആദ്മി പാർട്ടിയുടെ പ്രഖ്യാപനത്തിലൂടെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് മാൻ എത്തുന്നത്. ഹാസ്യതാരത്തിൽ തുടങ്ങിയ അദ്ദേഹം ഇനി പഞ്ചാബിനെ നയിക്കും. പഞ്ചാബിന്റെ മണ്ണിൽ തെരഞ്ഞെടുപ്പിനെ നയിക്കാൻ ഭഗവന്ത് മൻ എന്ന പേര് അരവിന്ദ് കെജരിവാൾ നിർദേശിച്ചത് അപ്രതീക്ഷിതമായായിരുന്നു. ഞെട്ടിക്കുന്ന സർപ്രൈസിൽ അന്ന് കണ്ണുനീരണിഞ്ഞ ഭഗവന്ത് മാൻ ഇന്ന് പാർട്ടിയുടെ വൻ വിജയത്തിൽ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയാണ്.
സാധാരണക്കാരുടെ അഭിപ്രായം തേടിയ ശേഷം നേതാവിനെ പ്രഖ്യാപിച്ച് പഞ്ചാബിന്റെയാകെ ജനവിധി പോക്കറ്റിലാക്കിയ ആപ്പ് രാഷ്ട്രീയം ലോക്സഭാ സെമിഫൈനലിന് മുന്നോടിയായുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അന്നത്തെ ജനകീയാഭിപ്രായത്തിൽ 90 ശതമാനമായിരുന്നു ഭഗവന്ത് മാന്റെ ജനകീയത. നിലപാടിലുറച്ചാൽ പിന്നെ മാറാത്ത പഞ്ചാബ് ജനത അതുക്കും മേലെ നൽകിയാണ് ഇപ്പോൾ ഭഗവന്തിനെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കുന്നത്. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അംഗങ്ങളെ കാഴ്ച്ചക്കാരാക്കി ഇരുത്തി, സ്മാഷുകൾ പായിക്കുന്ന വോളിബോൾ താരം കൂടിയായ ഭഗവന്ത് മാന്റെ പ്രസംഗങ്ങൾ വൈറലാണ്.
പഞ്ചാബിൽ ആറാടി ആംആദ്മി, ദില്ലിക്ക് പുറത്ത് ഭരണത്തിലേക്ക് ആദ്യം, ചരിത്രവിജയം
2014 ലും 2019 ലും തുടർച്ചയായി പഞ്ചാബിലെ സംഗരൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം . ഹാസ്യം, പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാൻ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാൻ നർമ്മമൊളിപ്പിച്ച പ്രസംഗങ്ങൾ തന്നെ ധാരാളമാണ്. അന്ന് ഹാസ്യ വേദിയിൽ ജഡ്ജായിരുന്ന നവജോത്സിങ് സിദ്ധുവിനെ മുന്നിലിരുത്തി സദസ്സിനെ കയ്യിലെടുത്ത ഭഗവന്ത് മാൻ, ഇന്ന് പഞ്ചാബിനെയാകെ തൂത്തുവാരുമ്പോൾ സിദ്ധുവടക്കം പരമ്പരാഗത രാഷ്ട്രീയക്കാരുടെ അടുത്ത നീക്കം എന്താകുമെന്നതാണ് ശ്രദ്ധേയം.