ആപ്പിന്റെ മുന്നേറ്റത്തിൽ കാലിടറിയത് അമരീന്ദർസിംഗ്, ചരൺജിത് സിങ് ഛന്നി, നവ്ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദൽ തുടങ്ങിയ മുൻ നിരനേതാക്കളാണ്. 

ദില്ലി: ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ 'ആപ്പ് ആറാടുകയാണ്'. ദില്ലിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാർട്ടിയെത്തുന്നു. കോൺഗ്രസിനെ വൻ മാർജിനിൽ തറപറ്റിച്ച് വലിയ ഭൂരിപക്ഷത്തിലേക്കാണ് കെജ്രിവാളിന്റെ 'സാധാരണക്കാരുടെ പാർട്ടി' നീങ്ങുന്നത്. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റൻ അമരിന്ദറിനും കോൺഗ്രസിനും ഒപ്പം നിന്നു. എന്നാൽ ഇത്തവണ പടലപ്പിണക്കങ്ങളും തമ്മിലടിയും സീറ്റ്, സ്ഥാനപ്പോരും ഒപ്പം ഭരണ വിരുദ്ധ വികാരവും കോൺഗ്രസിനെ പിടിച്ച് കുലുക്കിയപ്പോൾ ആംആദ്മി പതിയെ കളം പിടിച്ചു. ആപ്പിന്റെ മുന്നേറ്റത്തിൽ കാലിടറിയത് അമരീന്ദർസിംഗ്, ചരൺജിത് സിങ് ഛന്നി, നവ്ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദൽ തുടങ്ങിയ മുൻ നിരനേതാക്കളാണ്. 

2012 ൽ മാത്രം രൂപീകരിച്ച "ആംആദ്മി" പാർട്ടി ഷീലാ ദീക്ഷിതിനെയും കോൺഗ്രസിനെയും ഞെട്ടിച്ചാണ് ആദ്യം ദില്ലിയിൽ അധികാരം നേടിയത്. അന്ന് അത് അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ആ വിജയം രണ്ടാം വട്ടവും കെജ്വിവാൾ ആവർത്തിച്ചു. അപ്പോഴും ദില്ലിയിൽ മാത്രമുള്ള ഒരു പാർട്ടിയെന്ന വിമർശനം കെജ്രിവാളിനും ആംആദ്മിക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതിനുമപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ച് വിമർശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ കെജ്രിവാൾ.

Scroll to load tweet…

ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജ്‌രിവാൾ കൂടുതൽ കരുത്തനാകുകയാണ്. കോൺഗ്രസിനെയും ബിജെപിയെയും മാറ്റി നിർത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാൽ അതിൽ നേതൃനിരയിലേക്ക് അരവിന്ദ് കെജ്രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം കെജ്രിവാൾ മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്. 

Punjab election result 2022 : പഞ്ചാബിൽ ആപ്പിന്റെ ആധിപത്യം, കോൺഗ്രസ് പിന്നിൽ, വൻമരങ്ങൾ വീഴുന്നു

വിവാദ നായകനായ ഭഗ്‌വന്ത് മാനാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. പഞ്ചാബിലെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ വലിയ എതിർപ്പ് ഭഗ്‌വന്തിനെരെയുണ്ട്. അത് ഭരണത്തിൽ ആപ്പിന് തിരിച്ചടിയായേക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ കെജ്രിവാളിന്റെ ആശീർവാദവും പിന്തുണയും ഭഗ്വന്ദ് മാനുണ്ടെന്നത് ശ്രദ്ധേയമാണ്. മദ്യപാനം, മദ്യപിച്ച് യോഗത്തിനും പാർലമെന്റിലുമെത്തിയതടക്കമുള്ള വിമർശനങ്ങൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് എതിരെ ഉയർന്നെങ്കിലും അന്നും ഒപ്പം നിന്നത് കെജ്രിവാളാണ്. 

ഭഗ്‌വന്ത് മാനിന്റെ പ്രവർത്തന മികവ് കൊണ്ട് മാത്രമല്ല ഭരണം പിടിക്കാൻ ആംആദ്മിക്ക് സാധിച്ചത്. മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവ് കൂടിയുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹ ചുമതലയുള്ള രാഘവ് ഛദ്ദയെന്ന മുപ്പത്തിമൂന്നുകാരൻ. കോൺഗ്രസിന്റെ ദേശീയ തലത്തിലെ തന്നെ പകരക്കാരാണ് ആം ആദ്മി പാർട്ടിയെന്നാണ് ചദ്ദ പ്രതികരിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവസരം ലഭിച്ചാൽ 'പ്രധാനമന്ത്രിയുടെ ചുമതലയിൽ' കെജ്രിവാളിനെ കാണാമെന്നും ചദ്ദ പറഞ്ഞുവെക്കുന്നുണ്ട്. "കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാൾ. അദ്ദേഹം തീർച്ചയായും വലിയൊരു റോളിൽ - പ്രധാനമന്ത്രിയുടെ ചുമതലയിൽ ഉടൻ ഉണ്ടാകും. എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും എന്ന പ്രതീക്ഷയും ചദ്ദ പങ്കുവെക്കുന്നു. 

YouTube video player