ഭാരത് ബന്ദ് അവസാനിച്ചു: കർഷകരുമായി അമിത്ഷായുടെ ചര്‍ച്ച

By Web TeamFirst Published Dec 8, 2020, 4:04 PM IST
Highlights

ഭാരത് ബന്ദിൻ്റെ ഭാഗമായി ദില്ലി - മീററ്റ് ദേശീയ പാത കർഷകർ നാല് മണിക്കൂറോളം ഉപരോധിച്ചു. രാജ്യതലസ്ഥാനത്തേക്കുള്ള ഗതാഗതത്തെ ഇതു ബാധിച്ചു

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കാർഷിക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അവസാനിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു ഹർത്താൽ. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിനെ ഭാരത് ബന്ദിൽ നിന്നും ഒഴിവാക്കിയിരുന്നു.  

ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കർഷകരെ ചർച്ചയക്ക് ക്ഷണിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അമിത് ഷായും കർഷകരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു കൊണ്ട് അഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോണ് വന്നു. വൈകിട്ട് ഞങ്ങൾ അദ്ദേഹത്തെ കാണാൻ ചെല്ലുന്നുണ്ട് - കർഷക സംഘടന നേതാവ് രാകേഷ് തികൈത് പറഞ്ഞു.

ഭാരത് ബന്ദിൻ്റെ ഭാഗമായി ദില്ലി - മീററ്റ് ദേശീയ പാത കർഷകർ നാല് മണിക്കൂറോളം ഉപരോധിച്ചു. രാജ്യതലസ്ഥാനത്തേക്കുള്ള ഗതാഗതത്തെ ഇതു ബാധിച്ചു. ദില്ലിയിലെ പച്ചക്കറി ക്ഷാമം ദിനം പ്രതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പതിനെട്ട് പ്രതിപക്ഷ പാർട്ടികളാണ് ഭാരത് ബന്ദിന് പിന്തുണ നൽകിയത്. ബന്ദിൻ്റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. മുംബൈയിലെ വാസിയടക്കമുള്ള പ്രമുഖ മാർക്കറ്റുകൾ ഭാരത് ബന്ദിനെ തുടർന്ന് അടഞ്ഞു കിടന്നു. 

കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. നിയമം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് വാദിച്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതിപക്ഷം ഇരട്ടത്താപ്പ് കാട്ടുകയാണന്ന് കുറ്റപ്പെടുത്തി. കർഷകസമരം ന്യായമല്ലെന്നും അവർ തെറ്റദ്ധരിക്കപ്പെട്ടിരിക്കുയാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. എപിഎംസി നിയമം റദ്ദു ചെയ്യാന്‍ യുപിഎ  സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നും  2019ലെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്  ഇക്കാര്യം പറഞ്ഞിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

ഇതിനിടെ സമരവേദിയായ സിംഘുവിലെത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കര്‍ഷക സമരത്തിന് രാഷ്ട്രീയ പിന്തുണയറിയിച്ചു. നിയമങ്ങളില്‍  പ്രതിഷേധിച്ച് മെഡലുകള്‍ തിരിച്ച് നല്‍കാനായി  രാഷ്ട്രപതി ഭവനിലക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരം കര്‍ത്താര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള കായിക താരങ്ങളുടെ  സംഘത്തെ പോലീസ് തിരിച്ചയച്ചു. 

അതേസമയം പുതിയ കാർഷിക നിയമത്തിനെതിരായ തന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ആരോപണത്തിന് മറുപടിയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. കേന്ദ്ര കൃഷി മന്ത്രിയായിരുന്ന കാലത്ത് കാർഷിക രംഗത്തെ സ്വകാര്യ പങ്കാളിത്തം അനുകൂലിച്ച് പവാ‍ർ സംസ്ഥാനമന്ത്രിമാർക്ക് അയച്ച കത്ത് ചൂണ്ടിക്കാട്ടി ബിജെപി വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ അപ്പോൾ നിലവിലുണ്ടായിരുന്ന APMC ആക്ടിൽ ഭേദഗതികൾ വേണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് പവാറിന്‍റെ വിശദീകരണം. നിലവിലെ നിമയത്തെ പൂർണമായി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. നാളെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒരുമിച്ചിരുന്ന് വിഷയത്തിൽ പൊതു നിലപാട് എടുക്കുമെന്നും നാളെ തന്നെ രാഷ്ട്രപതിയെ കാണുമെന്നും പവാർ പറഞ്ഞു. 

click me!