ലക്ഷ്യം പ്രധാനമന്ത്രി പദമോ; ദില്ലി ദൗത്യവുമായി നിതീഷ് കുമാര്‍, രാഹുലുമായി കൂടിക്കാഴ്ച 

By Web TeamFirst Published Sep 5, 2022, 10:00 PM IST
Highlights

എഎപി നേതാവ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ഇടതു പാർട്ടി നേതാക്കളായ ഡി രാജ, സീതാറാം യെച്ചൂരി എന്നിവരെ നിതീഷ് കുമാർ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. തിങ്കളാഴ്ച ദില്ലിയിലെത്തിയ നിതീഷ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാഹുലും നിതീഷും ചര്‍ച്ചനടത്തി.കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ മറ്റ് നേതാക്കളെയും കുമാർ അടുത്ത ദിവസങ്ങളിൽ കാണും. 

കർണാടക മുൻ മുഖ്യമന്ത്രി ജെഡിഎസിലെ എച്ച്ഡി കുമാരസ്വാമിയുമായും അദ്ദേഹം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശേഷമാണ് നിതീഷ് കുമാറിന്‍റെ ദില്ലി യാത്ര. ദില്ലി യാത്രയില്‍ നിതീഷ് കുമാറിനൊപ്പം പാർട്ടി ദേശീയ അധ്യക്ഷൻ ലാലൻ സിംഗ്, സംസ്ഥാന മന്ത്രിമാരായ സഞ്ജയ് ഝാ, അശോക് ചൗധരി എന്നിവരും അനുഗമിച്ചു.  

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന് സാധ്യതയുള്ള മുഖമായാണ് നിതീഷിനെ കാണുന്നത്. എഎപി നേതാവ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ഇടതു പാർട്ടി നേതാക്കളായ ഡി രാജ, സീതാറാം യെച്ചൂരി എന്നിവരെ നിതീഷ് കുമാർ കാണുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച അദ്ദേഹം രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കാണും. മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലും നിതീഷ് കുമാർ ഉടൻ സന്ദർശനം നടത്തുമെന്നും പ്രതിപക്ഷ പാളയത്തിലെ നേതാക്കളെ കാണുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഓം പ്രകാശ് ചൗട്ടാല, ഹരിയാനയിൽ ഭൂപീന്ദർ സിംഗ് ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പവാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

നേരത്തെ പ്രതിപക്ഷ ഐക്യത്തിനായുള്ള ദില്ലി ദൗത്യത്തിനു മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചർച്ചയിൽ പങ്കെടുത്തു. പ്രതിപക്ഷ ഐക്യത്തില്‍ കോൺഗ്രസിനെ ഒഴിവാക്കരുതെന്ന ആര്‍ജെഡിയുടെ വാദത്തെ നിതീഷ് കുമാര്‍ അംഗീകരിച്ചു. കോൺഗ്രസ് പരമാവധി 250 സീറ്റിനപ്പുറം മത്സരിക്കരുതെന്നാണ് ആര്‍ജെഡിയുടെ വാദം. 

24 വ‍ർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കലുഷിതകാലം, എന്ത് സംഭവിക്കും! ചരിത്രത്തിൽ ജിതേന്ദ്ര പ്രസാദയാകുമോ ശശി തരൂർ?

click me!