Asianet News MalayalamAsianet News Malayalam

24 വ‍ർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കലുഷിതകാലം, എന്ത് സംഭവിക്കും! ചരിത്രത്തിൽ ജിതേന്ദ്ര പ്രസാദയാകുമോ ശശി തരൂർ?

സീതാറാം കേസരി അധ്യക്ഷനായിരിക്കെ തെരഞ്ഞെുപ്പ് തോല്‍വിയും പാര്‍ട്ടിയിലെ പ്രശ്നങ്ങളും വ‍ർധിച്ചതിനിടെ 1998 ല്‍ സോണിയ  പാര്‍ട്ടി അധ്യക്ഷ ആയി. പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പിനായിരുന്നു കളമൊരുങ്ങിയത്

shashi tharoor jitendra prasad congress election live updates
Author
First Published Sep 5, 2022, 6:05 PM IST

രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുകയായിരുന്നു സോണിയ ഗാന്ധി. രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് തുടരെ വന്ന ആവശ്യങ്ങള്‍ നിരസിച്ച അവർ ഒടുവില്‍ 1997 ല്‍ ആണ് പാര്‍ട്ടി അംഗമാകുന്നത്. സീതാറാം കേസരി അധ്യക്ഷനായിരിക്കെ തെരഞ്ഞെുപ്പ് തോല്‍വിയും പാര്‍ട്ടിയിലെ പ്രശ്നങ്ങളും വ‍ർധിച്ചതിനിടെ 1998 ല്‍  പാര്‍ട്ടി അധ്യക്ഷ ആയി. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരിയല്ലാത്ത രാഷ്ട്രീയ പരിചയമില്ലാത്ത ഒരാള്‍ പാർട്ടി കൈകാര്യം ചെയ്യുന്നതില്‍  കോണ്‍ഗ്രസില്‍ എതിര്‍പ്പുയര്‍ന്നു. ശരത് പവാർ, പി എ സാങ്മ, താരിഖ് അൻവർ എന്നിവർ കലാപത്തിനൊടുവില്‍ പാര്‍ട്ടി വിട്ടു. എന്നാല്‍ രാജേഷ് പൈലറ്റും ജിതേന്ദ്ര പ്രസാദയും സോണിയയുടെ വരവിനെ പാർട്ടിയില്‍ തന്നെ തുട‍ർന്ന് ശക്തമായി എതിര്‍ത്തു. ഒടുവില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് എത്തി.

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ എം പിയായിരുന്ന ശക്തനായ കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയാണ് സോണിയയെ മത്സരിക്കാനെത്തി വെല്ലുവിളിച്ചത്. അ‌ഞ്ച് നാമനിർദേശ പത്രികയാണ് ജിതേന്ദ്രപ്രസാദ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നല്‍കിയത്. രണ്ടെണ്ണം ഉത്തർപ്രദേശില്‍ നിന്നും ബാക്കി മൂന്നെണ്ണം മഹാരാഷ്ട്ര, ബിഹാർ, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നും. അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 800 നാമനിർദേശ പത്രികകളാണ് സോണിയ ഗാന്ധിക്ക് വേണ്ടി കിട്ടിയത്. യു പി എം.പി ബീഗം നൂർ ഭാനു, സുജൻ സിങ് ബണ്ടേല, തുടങ്ങി വളരെ കുറച്ച് പേരെ പ്രസാദക്ക് പരസ്യ പിന്തുണ തന്നെ നല്‍കിയിരുന്നുള്ളു. സോണിയയുടെ നേതൃത്വത്തില്‍ എതിര്‍പ്പുണ്ടായിരുന്ന രാജേഷ് പൈലറ്റ് ഇതിനിടെ അപകടത്തില്‍ മരിച്ചിരുന്നു. മത്സരമെന്ന സ്ഥിതിയിലേക്ക് എത്തിയതോടെ പ്രസാദയുമായി അടുപ്പമുണ്ടായിരുന്ന വീരഭദ്ര സിങിനെ പോലുള്ള മുഖ്യമന്ത്രിമാർ പോലും പരസ്യമായി അടുപ്പം കാണിച്ചില്ലെന്നതാണ് വസ്തുത.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: അനുനയനീക്കവുമായി അശോക് ഗലോട്ട്, തരൂരും ഹൂഡയുമായി കൂടിക്കാഴ്ച നടത്തി

അണികള്‍ക്കിടയിലും ഗാന്ധി കുടുംബത്തിന് എതിരെ മത്സരിക്കുന്ന പ്രസാദക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് എ ഐ സി സി ആസ്ഥാനത്ത് ജിതേന്ദ്ര പ്രസാദയുടെ കോലം കത്തിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. രണ്ട് ആഴ്ചയോളം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു അതിലും സംഭവ ബഹുലം. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം പ്രചരണം ആരംഭിച്ചത്. പലരോടും കത്തുകളിലൂടെയും മറ്റുമാണ് വോട്ട് ചോദിച്ചത്. പി സി സി അധ്യക്ഷന്‍മാർ ഫോണ്‍ എടുക്കുമെങ്കിലും ആരും പാര്‍ട്ടി ഓഫീസില്‍ പ്രസാദയെ സ്വീകരിക്കാൻ തയ്യറായില്ല. ഈ സമയം സോണിയയെ ലിബറല്‍ ഡെമോക്രാറ്റ് നേതാവെന്ന രീതിയില്‍ പ്രൊജക്ട് ചെയ്യാനാണ് നേതാക്കള്‍ ശ്രമിച്ചത്. സോണിയ കുറക്കൂടി അഗ്രസീവായി പ്രസാദയെ നേരിടണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കിലും അവർ അതിന് തയ്യാറുമായിരുന്നില്ല. സോണിയയുടെ ഒരു ഉപാധി തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ അപസ്വരങ്ങള്‍ ഉണ്ടാകരുതെന്നത് മാത്രമായിരുന്നു.

'രാഹുൽ കോണ്‍ഗ്രസിനെ നയിക്കണം', ഓരോ പ്രവർത്തകന്‍റെയും വികാരമാണതെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍

രഹസ്യ ബാലറ്റിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനങ്ങളിലെ വോട്ടിങ് തിരിച്ചറിയാതിരിക്കാന്‍ ബാലറ്റ് ആകെ ഒന്നാക്കിയായിരുന്നു എണ്ണിയത്. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. ആകെ 94 വോട്ട് ജിതേന്ദ്ര പ്രസാദക്ക് കിട്ടിയപ്പോള്‍ സോണിയഗാന്ധിക്ക് കിട്ടയത് 7542 വോട്ടാണ്. ഇന്ന് വോട്ടർപട്ടികയില്‍ വിവാദം നടക്കുമ്പോൾ അന്ന് പ്രസാദ വോട്ടേഴ്സ് ലിസ്റ്റിനെ കുറിച്ച് പ്രതികരണങ്ങള്‍ നടത്താതെ അകന്ന് നില്‍ക്കാനാണ് ശ്രമിച്ചത്.  

വീണ്ടുമൊരു അധ്യക്ഷ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ സുതാര്യത ഉറപ്പ് വരുത്താന്‍ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിലപാടിലാണ് ജി 23 നേതാക്കള്‍. എന്നാൽ മത്സരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നേതൃത്വം തയ്യാറുമല്ല. ആഭ്യന്തര തെരഞ്ഞെടുപ്പായതിനാല്‍ പട്ടിക പുറത്ത് വിടാനുള്ളതല്ലെന്നും സ്ഥാനാ‍ർത്ഥികള്‍ക്ക് പി സി സികള്‍ വഴി വോട്ടർ പട്ടിക ലഭിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ നിലപാട്. ഒൻപതിനായിരത്തോളം എ ഐ സി സി , പി സി സി അംഗങ്ങളുള്ള വോട്ടർപട്ടിക പുറത്ത് വിടുന്നതിലൂടെ ജി 23 നേതാക്കള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

സെപ്റ്റംബർ 30 ന് ഉള്ളിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ടത്. പത്ത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിയാകാനാകൂ. എന്നാല്‍ ആരൊക്കെയാണ് വോട്ടർമാരെന്ന് അറിയാതെ എങ്ങനെ മത്സരരംഗത്ത് ഇറങ്ങുമെന്ന ആശങ്കയാണ് വിമത നേതാക്കളുടേത്. വോട്ടർപട്ടിക പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വൈകാതെ ജി 23 നേതാക്കള്‍ നേതൃത്വത്തിന് കത്ത് നല്‍കാനാണ് ആലോചിക്കുന്നത്. ജി 23 യുടെ ഭാഗമല്ലാത്ത കാർത്തി ചിദംബരം കൂടി ഇതേ ആവശ്യം പരസ്യമായി പ്രകടിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. വിവാദം വളരുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാർത്ഥി പട്ടിക വൈകിപ്പിച്ച് മാത്രമേ പി സി സികള്‍ വഴി ലഭ്യമാക്കാൻ സാധ്യതയുള്ളു. നിലവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിനാണ് ഗാന്ധി കുടുംബത്തിന് താല്‍പ്പര്യം. മത്സര സാധ്യത തള്ളാതെ തരൂരും, മത്സരിച്ചേക്കുമെന്ന സൂചനയുമായി മനീഷ് തിവാരിയും രംഗത്തുണ്ട്. തരൂര്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പരോക്ഷമായി പ്രകടിപ്പിച്ചെങ്കിലും കേരളത്തില്‍ നിന്ന് കാര്യമായ പിന്തുണയുണ്ടാകില്ലെന്നതാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. പിന്തുണയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയമായിട്ടില്ലെങ്കിലും  ഗാന്ധി കുടുംബം ആർക്കൊപ്പം എന്നത് നോക്കിയായിരിക്കും കേരളത്തിലെ നേതാക്കള്‍ തീരുമാനമെടുക്കുക. മത്സരിച്ചാൽ ജിതേന്ദ്രയെപ്പോലെ ആകുമോ തരൂർ എന്നതാണ് അറിയാനുള്ളത്. മിന്നുന്ന പ്രകടനം കാട്ടി നേതൃത്വത്തെ ഞെട്ടിക്കുമോ 'വിശ്വ പൗരൻ' എന്നതും കണ്ടറിയണം.

പിൻകുറിപ്പ് - രാഹുല്‍ഗാന്ധി ബ്രിഗേഡില്‍ ഉണ്ടായിരുന്ന പിന്നീട് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേർന്ന ജിതിൻ പ്രസാദയാണ് ജിതേന്ദ്ര പ്രസാദയുടെ മകന്‍. രാജേഷ് പൈലറ്റിന്‍റെ മകനാണ് സച്ചിന് പൈലറ്റ്.

Follow Us:
Download App:
  • android
  • ios