
പാറ്റ്ന: ബിഹാർ മഹാസഖ്യത്തിൽ അതൃപ്തി. ആര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോൺഗ്രസും രംഗത്ത് വന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി കേസുള്ളതാമ് കാരണം. അതേസമയം ജെഡിയുവിൽ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഹാസഖ്യ സര്‍ക്കാരിൽ മന്ത്രിമാരെ നിശ്ചയിച്ചത്. ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ് ഉള്ളത്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി.
ജെഡിയു നേതാവായ വിജയ് കുമാർ ചൗധരി ധനമന്ത്രിയാണ്. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മഹാസഖ്യ സർക്കാർ മന്ത്രിസഭാ വികസനം പൂർത്തിയാക്കിയത്. ആർജെഡിയില്‍ നിന്ന് 16 ഉം ജനതാദളില്‍ (ജെഡിയു) നിന്ന് 11 ഉം പേർ മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ച് എ എമ്മിനും ഒരു മന്ത്രി സ്ഥാനവുമാണ് ലഭിച്ചത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്.
സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനെയും മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.
സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് ഇടത് പാര്‍ട്ടികൾ. 12 എംഎൽഎ മാരുള്ള സിപിഐ എംഎൽ, രണ്ട് വീതം എംഎൽഎമാരുള്ള സിപിഐ, സിപിഎം പാര്‍ട്ടികൾ സഖ്യത്തിന്റെ ഭാഗമായി മന്ത്രിസഭയിൽ ചേരാതെ, സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളിൽ സമ്മര്‍ദ്ദം ചെലുത്തി നിലപാടെടുപ്പിക്കാൻ സാധിക്കുന്ന തരത്തിൽ അംഗബലം ഇല്ലെന്നതാണ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കാനുള്ള കാരണമായി ഇടത് പാര്‍ട്ടികൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam