നാമനിർദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിനം ഇന്ന്; ബിഹാറിൽ നേര്‍ക്കുനേര്‍ പോരില്‍ നിന്ന് പിന്മാറാതെ മഹാസഖ്യത്തിലെ കക്ഷികള്‍

Published : Oct 20, 2025, 02:57 PM IST
Bihar assembly election news

Synopsis

ആര്‍ജെഡി ഇന്ന് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളുണ്ട്. 9 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ നേര്‍ക്ക് നേര്‍ മത്സരിക്കുകയാണ്.

പറ്റ്ന: ബിഹാര്‍ നിയമസഭയിലെ ആദ്യഘട്ട പോളിംഗില്‍ നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായിട്ടും നേര്‍ക്ക് നേര്‍ പോരില്‍ നിന്ന് പിന്മാറാതെ മഹാസഖ്യത്തിലെ കക്ഷികള്‍. ആര്‍ജെഡി ഇന്ന് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളുണ്ട്. 

ആദ്യഘട്ട പോളിംഗിലെ നാമനിർദേശ പത്രിക പിന്‍വലിക്കാനും രണ്ടാം ഘട്ടത്തില്‍ പത്രിക സമര്‍പ്പിക്കാനും ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. തേജസ്വി യാദവടക്കം 143 സ്ഥാനാര്‍ത്ഥികള്‍. രണ്ട് മണ്ഡലങ്ങളില്‍ തേജസ്വി മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും പട്ടികയിൽ പറയുന്നത് രാഘോപൂരില്‍ മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇക്കുറി ഒരു സീറ്റ് കുറവിലാണ് ആര്‍ജെഡിയുടെ മത്സരം.

കഴിഞ്ഞ തവണ 144ല്‍ 75 സീറ്റ് കിട്ടിയെങ്കില്‍ ഇത്തവണത്തെ സാഹചര്യം നിര്‍ണ്ണായകം. വൈശാലി, ലാല്‍ഗഞ്ച്, സിക്കന്ത്ര, കഹല്‍ഗാവ് സീറ്റുകളില്‍ ഘടകക്ഷിയായ കോണ്‍ഗ്രസിനെതിരെ ആര്‍ജെഡിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന അഭ്യൂഹം പരന്നെങ്കിലും കുടുമ്പ മണ്ഡലത്തില്‍ ആരെയും നിര്‍ത്തിയിട്ടില്ല. 9 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ നേര്‍ക്ക് നേര്‍ മത്സരിക്കുകയാണ്. കക്ഷികള്‍ തമ്മിലുള്ള പോര് മഹാസഖ്യത്തെ മൂന്നാം സ്ഥാനത്താക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും, ജന്‍സ്വരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോര്‍ പരിഹസിച്ചു. 

ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം ഉന്നമിട്ട ചിരാഗ് പാസ്വാന്‍ തല്‍ക്കാലം പിന്‍വാങ്ങി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നും അഞ്ച് വര്‍ഷത്തിന് ശേഷം തന്‍റെ ശ്രദ്ധ പൂര്‍ണ്ണമായും ബിഹാറിലേക്ക് കേന്ദ്രീകരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. മുഖ്യമന്ത്രി കസേരയില്‍ ചിരാഗ് കണ്ണുവച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു. നിതീഷ് നയിക്കുമെന്നും ഘടക കക്ഷികള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നുമുള്ള അമിത് ഷായുടെ പ്രതികരണവും നിതീഷിനെ അസ്വസ്ഥനാക്കിയിരുന്നു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് നിതീഷ് അവകാശവാദം ഉന്നയിച്ചു. പിന്നീട് അമിത് ഷാ ചിരാഗിനെയും കണ്ടിരുന്നു. ഇതോടെ ചിരാഗ് പാസ്വാന്‍ അയയുകയായിരുന്നുവെന്നാണ് സൂചന.

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി