
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊളത്തൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഡി എം കെ. ആരോപണങ്ങൾ തെളിയിക്കാൻ ബി ജെ പിയെ വെല്ലുവിളിക്കുന്നതായി ഡി എം കെ നേതാവ് ആർ എസ് ഭാരതി ഏഷ്യാനെറ്റ് ന്യൂസനോട് പറഞ്ഞു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സഖ്യകക്ഷിയായ എ ഐ എ ഡി എം കെ ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഡി എം കെ കള്ളവോട്ട് ചേർത്തെങ്കിൽ ഈ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്യുകയായിരുന്നുവെന്നും ആർ എസ് ഭാരതി ചോദിച്ചു. കൊളത്തൂർ മണ്ഡലത്തിൽ ഏകദേശം 20,000 സംശയാസ്പദമായ വോട്ടർമാരുണ്ടെന്ന ബി ജെ പിയുടെ ആരോപണം പൊള്ളയാണെന്നും തെളിവുകളില്ലാത്തതാണെന്നും അദ്ദേഹം വിവിരിച്ചു.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പാർട്ടിയാണ് ഡി എം കെയെന്നും ആർ എസ് ഭാരതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടർമാരുടെ ലിസ്റ്റിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യവും വസ്തുതാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മഹദേവപുര മണ്ഡലത്തിൽ കള്ളവോട്ടുകൾ ഉണ്ടായെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് ഡി എം കെ നേതൃത്വം ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ മെഷീൻ - റീഡബിൾ വോട്ടർ ലിസ്റ്റ് പുറത്തിറക്കണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ അവസാനിപ്പിക്കണമെന്നും ഡി എം കെ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വോട്ടർ പട്ടിക ക്രമക്കേടിൽ കള്ള വോട്ടിനെതിര വീഡിയോയുമായി രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. നിങ്ങളുടെ വോട്ടും, അവകാശങ്ങളും, സ്വത്വവും മോഷ്ടിക്കപ്പെട്ടേക്കാമെന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തില്‍ കുറിച്ചു. രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇടയിൽ നേർക്കു നേർ പോര് മുറുകയാണ്. ശകുൻ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തതിന് തെളിവ് എവിടെ എന്ന് ചോദിച്ച് കർണ്ണാടക സി ഇ ഒ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. തെളിവുണ്ടെങ്കിൽ സത്യപ്രസ്താവനയിലൂടെ നൽകാനായിരുന്നു കമ്മീഷൻ നിർദ്ദേശം. മഹാരാഷ്ട്ര, ഹരിയാന സി ഇ ഒമാരും ഇക്കാര്യത്തിൽ മുൻ നോട്ടീസ് ആവർത്തിച്ച് രാഹുലിന് കത്ത് നൽകി. ഇതിന് തയ്യാറല്ലെങ്കിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം എന്ന ആവശ്യം കമ്മീഷൻ ആവർത്തിച്ചു. കൃത്യമായ മേൽവിലാസം ഇല്ലാത്ത 30,000 പേരുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും കമ്മിഷൻ ആരോപിച്ചു. ഇതിനു നൽകിയ മറുപടിയിലാണ് താൻ സത്യപ്രസ്താവന നൽകില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ആവര്‍ത്തിക്കുന്നത്. ബീഹാറിലെ എസ് ഐ ആറിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകൾ കമ്മീഷൻ മാധ്യമങ്ങൾക്ക് നൽകി. കോൺഗ്രസിന്‍റെ അടക്കം ബൂത്തു തല പ്രതിനിധികൾ എസ് ഐ ആറിനെ പിന്തുണച്ചതിന്‍റെ വീഡിയോകളാണ് കമ്മീഷൻ നൽകിയത്. എന്നാൽ രാഹുൽ ഗാന്ധി ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും ഇനിയും കമ്മീഷൻ മറുപടി നല്കിയിട്ടില്ല. സത്യപ്രസ്താവന നൽകില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ രാഹുൽ വാർത്താസമ്മേളനത്തിൽ കാണിച്ച തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് തുടരാനാണ് കമ്മീഷന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam