പശ്ചിമബം​ഗാളിലെ എസ്ഐആർ; പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺ​ഗ്രസിനുവേണ്ടി നടപടികളിലേർപ്പെടുന്നെന്ന് ബിജെപി

Published : Dec 01, 2025, 06:01 PM IST
SIR

Synopsis

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺ​ഗ്രസിനുവേണ്ടി എസ്ഐആർ നടപടികളിൽ അനധികൃതമായി ഇടപെടുന്നെന്ന് ബിജെപി.  

ദില്ലി: പശ്ചിമബം​ഗാളിൽ എസ്ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന പരാതിയുമായി ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺ​ഗ്രസിനുവേണ്ടി അനധികൃതമായി നടപടികളിലേർപ്പെടുകയാണെന്നും പരാതിയിലുണ്ട്. ജോലി സമ്മർദം താങ്ങാനായില്ലെന്ന് യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ പറയുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.

രാജ്യവ്യാപകമായി എസ്ഐആറിനെതിരായ പ്രതിഷേധം പ്രതിപക്ഷം കടുപ്പിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പടുത്ത ബം​ഗാളിൽ ബിജെപി തന്നെ നടപടികളിൽ ക്രമക്കേട് ആരോപിക്കുകയാണ്. നാല് വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബം​ഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ഒക്ടോബർ 26നും 28നും ഇടയിൽ 3 ദിവസം കൊണ്ട് 1.25 കോടി പേരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തതിൽ അസ്വാഭാവികതയുണ്ട്, ടിഎംസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത ഐപാക് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് ഇത് നടത്തുന്നതെന്നും അടിയന്തിരമായി ഇത് പരിശോധിക്കണമെന്നുമാണ് പരാതി. ജൻസുരാജ് പാർട്ടി തലവനായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ ഉടമ. അന്തരിച്ച വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നും കൃത്യമായി നീക്കം ചെയ്യുന്നില്ലെന്നും ഇതിനായി പ്രത്യേക ദൗത്യം ഉടൻ തുടങ്ങണമെന്നും ബിജെപി ആവശ്യപ്പെടുന്നു. എസ്ഐആർ നടപടികളിലേർപ്പെട്ടിരിക്കുന്ന ഉദ്യോ​ഗസ്ഥരെ നിയമിക്കുന്നതിലും ക്രമക്കേട് നടന്നതായി പരാതിയിലുണ്ട്.

ഇന്നലെ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആത്മഹത്യ ചെയ്ത ബിഎൽഒ സർവേഷ് സിം​ഗ് മരിക്കുന്നതിന് തൊട്ടുമുൻപ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാവും പകലും പണിയെടുത്തിട്ടും സമയപരിധിക്കകം ജോലി പൂർത്തിയാക്കാനായില്ലെന്നും അമ്മ ക്ഷമിക്കണമെന്നുമാണ് സർവേഷ് സിം​ഗ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്. സ‌ർവേഷിന്റെ ആത്മഹത്യ കുറിപ്പിലും ജോലിഭാ​രത്തെ കുറിച്ച് പറയുന്നുണ്ട്. ദൃശ്യങ്ങൾ പ്രതിപക്ഷം ആയുധമാക്കി. ബിജെപിയുടെ ആജ്ഞാനുവർത്തികളായ ഉദ്യോ​ഗസ്ഥർ ബിഎൽഒമാർക്കുമേൽ എല്ലാ സമ്മർദവും പ്രയോ​ഗിക്കുകയാണ്. ഇത്രയധികം ബിഎൽഒമാർ ആത്മഹത്യ ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുശോചിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന