
ദില്ലി: കേരളമടക്കം 4 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ 2027 ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നതായി ബി ജെ പി. പശ്ചിമ ബംഗാളിൽ അവസാന ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് 2027 നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ലക്ഷ്യം പങ്കുവച്ച് ബി ജെ പി ദേശീയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ തയാറെടുപ്പുകൾ സജീവമാക്കിയതായി ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിക്കും മുൻപേ അടുത്ത പോരാട്ടത്തിനായുള്ള ഗ്രൗണ്ട് വർക്കുകൾ തുടങ്ങിയെന്നാണ് നിതിൻ നവീൻ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മാർഗനിർദേശപ്രകാരമാണ് ഈ നീക്കങ്ങളെന്നും ദേശീയ അധ്യക്ഷൻ വിവരിച്ചു. മറ്റ് പാർട്ടികൾ തിരഞ്ഞെടുപ്പ് എത്തുമ്പോൾ മാത്രം തന്ത്രങ്ങൾ മെനയുമ്പോൾ, ബി ജെ പി എപ്പോഴും സജീവ കർമ്മപഥത്തിലാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലും ഗുജറാത്തിലും ഇതിനോടകം തന്നെ നിതിൻ നവീൻ സന്ദർശനം നടത്തി പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത ആഴ്ച അദ്ദേഹം ഉത്തരാഖണ്ഡ് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പിന്റെ അവസാനമെന്നത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പിന്റെ തുടക്കമാണെന്നാണ് പാർട്ടിയുടെ നിലപാട്.
അതേസമയം മെയ് 4 ന് വോട്ടെണ്ണൽ നടക്കാനിരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതീക്ഷയിലാണെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കി. കേരളത്തിൽ ഇത്തവണ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പാർട്ടി നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചത്. ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്. അസമിലും പുതുച്ചേരിയിലും ഭരണം നിലനിർത്തുമെന്നും ബംഗാളിലും തമിഴ്‌നാട്ടിലും എൻ ഡി എ സർക്കാർ അധികാരത്തിൽ വരുമെന്നുമാണ് ബി ജെ പി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
അതിനിടെ ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം സ്വന്തമാക്കി. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിലും ബി ജെ പി ഭരണം നേടി. അഹമ്മദാബാദും സൂറത്തും അടക്കം പല കോർപ്പറേഷനുകളിലെയും സീറ്റുകൾ ബി ജെ പി തൂത്തുവാരി. അഹമ്മദാബാദിലെ 192 വാർഡുകളിൽ 161 എണ്ണം ബി ജെ പി നേടി. കോൺഗ്രസ് 31 വാർഡുകളിൽ ഒതുങ്ങി. ഗുജറാത്തിലെ പോർബന്തർ നഗരസഭ ബി ജെപി തൂത്തുവാരി. ആകെയുള്ള 52 സീറ്റും ബി ജെ പി സ്വന്തമാക്കി. മോർബി നഗരസഭയിലും ബി ജെ പിക്ക് സമ്പൂർണ വിജയമാണ്. 52 ൽ 52 സീറ്റും ബി ജെ പി സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു. സൂറത്തിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ച ആം ആദ്മി പാർട്ടി ഇത്തവണ നാല് സീറ്റിൽ ഒതുങ്ങി. 120 ൽ 114 വാർഡുകൾ ബി ജെ പി നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റാണ് കിട്ടിയത്. വഡോധരയിൽ 69 സീറ്റുകൾ ബി ജെ പിക്കും 6 സീറ്റുകൾ കോൺഗ്രസിനും കിട്ടി. രണ്ടു കോർപ്പറേഷനുകളിൽ എല്ലാ സീറ്റും ബി ജെ പി തൂത്തുവാരി. മുനിസിപ്പാലിറ്റികൾ ഒഴികെ ബാക്കിയെല്ലാം ബി ജെ പി വിജയിച്ചു. ആകെ 1090 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 782 ഉം വിജയിച്ച് ഗ്രാമമേഖലകളിലും ബി ജെ പി കരുത്തു കാട്ടി. അതേസമയം നർമ്മദ ജില്ല പഞ്ചായത്ത് ആം ആദ്മി പാർട്ടി നേടി. ബാക്കിയുള്ള 33 ഇടത്ത് ബി ജെ പിക്കാണ് മുൻതൂക്കം. കോൺഗ്രസിന് ജില്ല പഞ്ചായത്തൊന്നും നേടാനായില്ല. കഴിഞ്ഞ തവണത്തെക്കാൾ നേട്ടമുണ്ടാക്കിയെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. എന്നാൽ സൂറത്ത് കോർപ്പറേഷനിൽ എ എ പി സീറ്റുകൾ 27 ൽ നിന്ന് 4 ആയി ഇടിഞ്ഞത് ചൂണ്ടിക്കാട്ടി ബി ജെ പി ഇത് തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam