
ദില്ലി: ആംആദ്മി പാർട്ടി എംഎൽഎമാർ സന്ദർശിച്ചതിന് പിന്നാലെ ഗാന്ധിജിയുടെ ശവകുടീരമായ രാജ്ഘട്ടിൽ ബിജെപി ഗംഗാജലം തളിച്ചു. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ട് സന്ദർശിച്ച് എഎപി നേതാവ് കെജ്‌രിവാൾ സ്മാരകം അശുദ്ധമാക്കിയെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് ഗംഗാജലമുപയോഗിച്ച് ശുദ്ധീകരിച്ചെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. മദ്യത്തിനെതിരെ സംസാരിച്ചിരുന്ന മഹാത്മാഗാന്ധിയുടെ സ്‌മാരകത്തെ മദ്യമാഫിയക്കൊപ്പം കൈകോർക്കുന്ന അരവിന്ദ് കെജ്‌രിവാൾ അശുദ്ധമാക്കിയെന്നും പാർട്ടി പ്രവർത്തകർ ഗംഗാജലം തളിച്ച് സ്ഥലം ശുദ്ധീകരിച്ചെന്നും ബിജെപി നേതാവും എംപിയുമായ മനോജ് തിവാരി പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജോസഫ് ഗീബൽസിനെപ്പോലെ ആവർത്തിച്ച് കള്ളം പറയുകയാണെന്നും മനോജ് തിവാരി ആരോപിച്ചു. ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ എക്സൈസിലെ അഴിമതി മറച്ചുവെക്കാനുള്ള തന്ത്രമാണെന്നും സിനിമ സ്ക്രിപ്റ്റ് പോലെയാണെന്നും ബിജെപി ആരോപിച്ചു. പാർട്ടി മാറാൻ 20 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് എംഎൽഎമാരെ വേട്ടയാടാൻ ബിജെപി ശ്രമിക്കുന്നുവെന്ന എഎപിയുടെ അവകാശവാദങ്ങളോട് പ്രതികരിക്കവെയാണ് തിവാരിയുടെ പ്രതികരണം. യഥാർത്ഥ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എല്ലാ ദിവസവും പഴയ സിനിമളുടെ തിരക്കഥ പോലെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ ഓപ്പറേഷന്‍ താമര കെജ്രിവാളിന്‍റെ നാടകമോ ? മുറുകുന്ന ബിജെപി - ആപ് പോര്
അരവിന്ദ് കെജ്രിവാൾ ഗീബൽസിന്റെ പിൻഗാമിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്യ കുംഭകോണത്തിൽ ഉൾപ്പെട്ടവർ മഹാത്മാഗാന്ധിയുടെ സ്മാരകം സന്ദർശിച്ചു. മഹാത്മാഗാന്ധിയുടെ സമാധി സന്ദർശിക്കാൻ ഇവർ യോഗ്യരാണോയെന്നും തിവാരി ചോദിച്ചു. ദില്ലി സർക്കാരിന്റെ പുതിയ എക്‌സൈസ് നയത്തിൽ അഴിമതി ആരോപണത്തെ തുടർന്ന് സിബിഐ അന്വേഷണം നടക്കുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രിയുടെ വസതിയിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് എഎപി എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് എഎപി രംഗത്തെത്തി.
'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam