Asianet News MalayalamAsianet News Malayalam

ദില്ലിയിലെ ഓപ്പറേഷന്‍ താമര കെജ്രിവാളിന്‍റെ നാടകമോ ? മുറുകുന്ന ബിജെപി - ആപ് പോര്

ബുധനാഴ്ചയാണ് അരവിന്ദ് കെജ്രിവാൾ ദില്ലിയിലെ തന്‍റെ സർക്കാറിനെ ബിജെപി മറിച്ചിടാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്. ആംആദ്മി പാർട്ടി ( ആപ് ) ദേശീയ വക്താവ് സഞ്ജയ് സിംഗ് ഓരോ എംഎല്‍എയ്ക്കും ഇരുപത് കോടി രൂപ വീതമാണ് ഓഫർ എന്നും ആരോപിച്ചു. 

Delhi operation lotus is setup of AAP bjp AAP Fight tighten
Author
New Delhi, First Published Aug 25, 2022, 7:23 PM IST

ദില്ലി : ദേശീയ തലത്തില്‍തന്നെ വലിയ ച‍ർച്ചയായ ആഗസ്റ്റ് 19 ന് നടന്ന ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലെ സിബിഐ റെയ്ഡിന് പിന്നാലെയാണ് രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി കെജ്രിവാളും മനീഷ് സിസോദിയയും ഗുജറാത്തിലേക്ക് തിരിച്ചത്. നരേന്ദ്രമോദിയുടെ തട്ടകത്തില്‍വച്ചും ബിജെപിക്ക് എതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച ആംആദ്മി പാ‍ർട്ടി നേതാക്കൾ ബിജെപിയുമായി തുറന്ന പോര് തുടരുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ദില്ലയിലെ ഓപ്പറേഷന്‍ താമര. 

ബുധനാഴ്ചയാണ് അരവിന്ദ് കെജ്രിവാൾ ദില്ലിയിലെ തന്‍റെ സർക്കാറിനെ ബിജെപി മറിച്ചിടാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്. ആംആദ്മി പാർട്ടി ( ആപ് ) ദേശീയ വക്താവ് സഞ്ജയ് സിംഗ് ഓരോ എംഎല്‍എയ്ക്കും ഇരുപത് കോടി രൂപ വീതമാണ് ഓഫർ എന്നും ആരോപിച്ചു. പിന്നാലെ രാത്രി തന്നെ ആപ് രാഷ്ട്രീയ കാര്യ സമതി യോഗം ദില്ലിയില്‍ ചേർന്ന് ഇന്ന് രാവിലെ 11 മണിക്ക് എംഎല്‍എമാരുടെ യോഗം ചേ‍രാന്‍ തീരുമാനിച്ചു. എല്ലാ എംഎല്‍എമാരോടും കെജ്രിവാളിന്‍റെ ഔദ്യോഗിക ഭവനത്തില്‍ എത്താന്‍ ആവശ്യപ്പെട്ടു. 

ഫോണെടുക്കാത്ത എംഎല്‍എമാർ എവിടെ ? 

രാവിലെ ഒന്‍പതരയോടെയാണ് യോഗത്തിന് എത്താമെന്നറിയിച്ച ചില എംഎല്‍എമാർ ഫോണെടുക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നാലെ ദില്ലിയിലും ഓപ്പറേഷന്‍ താമരയെന്ന അഭ്യൂഹങ്ങൾ ശക്തമായി. എന്നാല്‍ പന്ത്രണ്ട് മണിയോടെ 53 എംഎല്‍എമാർ നേരിട്ട് യോഗത്തിനെത്തിയെന്ന് ആപ് പ്രതിനിധി ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. ഇതോടെയാണ് സർക്കാർ വീഴില്ലെന്ന് ഉറപ്പായത്. എഴുപതംഗ ദില്ലി നിയമസഭയില്‍ അറുപത്തിരണ്ട് എംഎല്‍എമാരാണ് ആംആദ്മി പാർട്ടിക്കുള്ളത്. 
ഇതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം അന്‍പത്തി മൂന്ന് പേർ നേരിട്ട് യോഗത്തിനെത്തി. അമാനത്തുള്ള ഖാന്‍ എംഎല്‍എയെ യോഗം തുടങ്ങി അര മണിക്കൂറിന് ശേഷമാണ് നേതാക്കൾക്ക് ഫോണില്‍ കിട്ടിയത്. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ അമാനത്തുള്ള ഖാന്‍ വൈകിയാണ് യോഗത്തിനെത്തിയത്. അതുകൊണ്ടാണ് ഫോണില്‍ കിട്ടാഞ്ഞതെന്നും പിന്നീട് നേതാക്കൾ പറഞ്ഞു. യോഗത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ബാക്കി ഒന്‍പത് പേർ താഴെ പറയുന്നവരാണ്.  

1. മനീഷ് സിസോദിയ - ഉപമുഖ്യമന്ത്രി - നിലവില്‍ ഹിമാചല്‍ പ്രദേശില്‍ പ്രചാരണത്തില്‍ - ഫോണിലൂടെ യോഗത്തില്‍ പങ്കെടുത്തു 
2. സത്യേന്ദ്ര ജെയിന്‍ - ആരോഗ്യമന്ത്രി - ഇഡി കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടുമാസമായി ജെയിലില്‍ തുടരുന്നു. 
3. 6 എംഎല്‍എമാർ രാജസ്ഥാന്‍ ഗുജറാത്ത് , ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രചാരണത്തില്‍. 
4.സ്പീക്കർ റാം നിവാസ് ഗോയല്‍ കാനഡയില്‍ സന്ദർശനത്തില്‍. 
ഇതില്‍ ജയിലില്‍ കഴിയുന്ന സത്യേന്ദ്ര ജെയിന്‍ ഒഴികെ മറ്റെല്ലാവരും ഫോണിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.

സർക്കാറിനെ മറിച്ചിടാന്‍ 800 കോടി 

ആപ്പിനൊപ്പമുള്ള 62 എംഎല്‍എമാരില്‍ 40 പേരെയാണ് ബിജെപി ലക്ഷ്യമിട്ടത് എന്നാണ് നേതാക്കളുടെ ആരോപണം. ഇതില്‍ 12 പേരെ നേരിട്ട് ബിജെപി നേതാക്കൾ ബന്ധപ്പെട്ടു എന്ന് യോഗത്തില്‍ എംഎല്‍എമാർ അറിയിച്ചതായി വക്താവ് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. 40 എംഎല്‍എമാരില്‍ ഓരോരുത്തർക്കും 20 കോടി രൂപ വീതം ആകെ 800 കോടി രൂപ വാഗ്ദാനം ചെയ്യാന്‍ ബിജെപിക്ക് ഇത്രയും പണം എവിടുന്നു കിട്ടിയെന്നും സൗരഭ് ചോദിക്കുന്നു. ഇന്ന് ദില്ലിയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടിരിക്കുകയാണ്. കെജ്രിവാളിന്‍റെ സർക്കാർ ജനങ്ങളുടെ സർക്കാറാണ്. ഞങ്ങളെ ഇഡിയും സിബിഐയെയും ഉപയോഗിച്ച് വീഴ്ത്താന്‍ ബിജെപിക്കാകില്ല - സൗരഭ് ഭരദ്വാജ് പറഞ്ഞു. 

രാജ്യത്തെ ഓപ്പറേഷന്‍ താമരയില്‍നിന്നും രക്ഷിക്കാന്‍ പ്രാർത്ഥന

ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ ചേർന്ന യോഗത്തിന് പിന്നാലെ അന്‍പത്തിരണ്ട് എംഎല്‍എമാരുമായി കെജ്രിവാൾ നേരെ പോയത് മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലേക്കാണ്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പ്രാർത്ഥിക്കാനാണ് തങ്ങൾ രാജ്ഘട്ടിലെത്തിയതെന്ന് എംഎല്‍എമാരോടൊപ്പം പ്രാർത്ഥിച്ച് പുറത്തിറങ്ങിയ കെജ്രിവാൾ പറഞ്ഞു. ''അഴിമതി അഴിമതി എന്ന് ബിജെപി ആവർത്തിച്ച് പറയുന്നു. എന്നാല്‍ ദില്ലിയിലെ യഥാർത്ഥ അഴിമതി എന്നത് ഓപ്പറേഷന്‍ താമരയാണ്. നാല്‍പത് എംഎല്‍എമാർക്ക് നല്‍കാമെന്ന് ബിജെപി ഓഫർ ചെയ്ത 800 കോടി എവിടെനിന്നുള്ളതാണ്. ആ 800 കോടി ജിഎസ്ടി പണമാണ്. ആ 800 കോടി പിഎം കെയർ ഫണ്ടാണ്. ആ 800 കോടി ജനങ്ങളുടെ പണമാണ്. ഈ പണമാണോ ദില്ലി സർക്കാറിനെ വീഴ്ത്താന്‍ ഉപയോഗിക്കുന്നത് ?'' - കെജ്രിവാൾ ചോദിക്കുന്നു. 

പോര് തുടരും

വൈകാതെ നടക്കാനിരിക്കുന്ന ഗുജറാത്ത ഹിമാ‍ചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ആംആദ്മി പാർട്ടി - ബിജെപി പോര് കടുക്കാന്‍ കാരണമാകുന്നത്. രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ആപ്പിന് ദില്ലിയില്‍ ഒന്നിനുപുറകേ ഒന്നായി കേസുകളും പ്രതിസന്ധികളും വരുന്നത്. തങ്ങൾക്ക് കിട്ടുന്ന വമ്പിച്ച സ്വീകാര്യത കണ്ടാണ് കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് എന്നാണ് ആപ്പിന്‍റെ ആരോപണം. 

പക്ഷേ എംഎല്‍എമാരെ കോടികൾ കൊടുത്തു ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു എന്നത് കെജ്രിവാളിന്‍റെ സ്ഥിരം നാടകം മാത്രമാണെന്നാണ് ബിജെപി പ്രതികരണം. വിവാദം കൊഴുത്തപ്പോഴും കാര്യമായ പ്രതികരണമൊന്നും ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതും ശ്രദ്ദേയമാണ്. അതേസമയം മദ്യനയ കേസുമായി ബന്ധപ്പെട്ട് ആപ്പിനെതിരെ ബിജെപി നേതാക്കൾ ഇന്നും ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണ്. 

'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ

ജാമ്യം ലഭിച്ച് മണിക്കുറുകള്‍ മാത്രം, പ്രവാചക നിന്ദ കേസില്‍ തെലങ്കാന ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios