
ബംഗലൂരു:കർണാടക തെരഞ്ഞെടുപ്പിൽ വീണ്ടും വർഗീയ ധ്രുവീകരണത്തിന് ശ്രമവുമായി ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പു സുൽത്താന്‍റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ളതാകുമെന്ന് കട്ടീൽ പറഞ്ഞു. ടിപ്പുവിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യയ്ക്ക് താനുമായി തുറന്ന സംവാദം നടത്താൻ ധൈര്യമുണ്ടോ എന്നും കട്ടീൽ വെല്ലുവിളിച്ചു.
ടിപ്പു സുൽത്താനും അദ്ദേഹത്തിന്‍റെ ജയന്തിയും കർണാടകത്തിൽ എന്നും ചൂടുള്ള വിവാദവിഷയങ്ങളാണ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ, സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ ടിപ്പുസുൽത്താന്‍റെ പേരിലാണ് ബിജെപിയും കോൺഗ്രസും തമ്മിൽ പ്രധാനപ്പെട്ട വാഗ്വാദങ്ങൾ പലതും നടന്നത്. 2013-ൽ ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. മലബാറിലടക്കം ടിപ്പു നടത്തിയ പടയോട്ടങ്ങളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ബിജെപി തിരിച്ചടിച്ചു. 2019-ൽ ടിപ്പു ജയന്തി ഇനി ആഘോഷിക്കില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തു. വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു വിവാദവിഷയമാകുകയാണ് കർണാടകത്തിൽ.
ടിപ്പുവിന്‍റെ വേഷത്തിൽ സിദ്ധരാമയ്യ നിൽക്കുന്ന ഒരു ആക്ഷേപഹാസ്യപുസ്തകം പുറത്തിറക്കാനുള്ള ബിജെപിയുടെ നീക്കം നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നതാണ്. അപകീർത്തി പരാമർശങ്ങളുണ്ടെന്ന് കാട്ടി മകൻ യതീന്ദ്ര നൽകിയ ഹർജിയിലായിരുന്നു സ്റ്റേ. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ പ്രജാധ്വനി യാത്രയ്ക്കിടെ സിദ്ധരാമയ്യ കലബുറഗിയിലെ ഖ്വാജ നവാസ് ദർഗയിൽ സന്ദർശനം നടത്തിയത് ശ്രദ്ധേയമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam