
നാഗ്പുര്‍: ആര്‍എസ്എസ് തട്ടകമായ മഹാരാഷ്ട്രയിലെ നാഗ്പുരിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന്‍റെ ഞെട്ടലില്‍ ബിജെപി. പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയെ അധികാരത്തില്‍ നിന്ന് താഴെയിറക്കി വലിയ രാഷ്ട്രീയ വിജയം നേടി നില്‍ക്കുന്നതിനിടെ നാഗ്പുരിലുണ്ടായ അപ്രതീക്ഷിത പരാജയം ബിജെപി ക്യാമ്പുകളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു ചെയര്‍പേഴ്‌സണെ പോലും വിജയിപ്പിക്കാന്‍ സാധിക്കാതെ പോയത് പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ അമ്പരിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. അന്ന് തന്നെ ഫലങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ ഹോം ഗ്രൗണ്ടാണ് നാഗ്പൂർ. കൂടാതെ, ആര്‍എസ്എസിന്‍റെ ആസ്ഥാനവും നാഗ്പുര്‍ തന്നെയാണ്. അതേ നാഗ്പൂരിൽ 13 ചെയർപേഴ്‌സൺ സ്ഥാനങ്ങളിൽ ഒമ്പതും ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനങ്ങളിലെ 13ൽ എട്ടും നേടിയാണ് കോണ്‍ഗ്രസ് സുപ്രധാന വിജയം പേരിലെഴുതിയിരിക്കുന്നത്.
മൂന്ന് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ എന്‍സിപി നേടിയപ്പോള്‍ ശിവസേനയ്ക്ക് ഒരു സീറ്റില്‍ വിജയിക്കാനായി. മികച്ച വിജയം സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ആർഎസ്എസിന്‍റെയും മുതിർന്ന നേതാക്കളായ നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്‌നാവിസ്, ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെയും തട്ടകത്തിൽ തന്നെയേറ്റ പരാജയം ബിജെപിയെ നിരാശപ്പെടുത്തുമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര മുലക് പറഞ്ഞു. ജയവും തോൽവിയും തെരഞ്ഞെടുപ്പുകളിലുണ്ടാകും. എന്നാല്‍, ജില്ലയില്‍ ബിജെപിക്ക് ഒരു പിടിയുമില്ലെന്നാണ് തോറ്റ രീതി കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍; ഓപ്പറേഷൻ താമര നടപ്പാക്കാന്‍ ശ്രമമെന്ന് സിസോദിയ