രാഹുലിന്റേത് രാജ്യവിരുദ്ധ നീക്കമെന്ന പ്രചാരണവുമായി ബിജെപി; അദാനി വിഷയത്തിൽ നിന്നും ശ്രദ്ധ മാറ്റാൻ ശ്രമം?

By Web TeamFirst Published Mar 19, 2023, 6:06 PM IST
Highlights

കർണ്ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുലിനെതിരായ വ്യക്തിപരമായ നിലപാട് കടുപ്പിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ തീരുമാനം. 

ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ ദില്ലി പൊലീസിന്റെ നടപടി രാജ്യമാകെ വലിയ ചർച്ചയായിരിക്കുകയാണ്. രാഹുൽ ഗാന്ധി രാജ്യവിരുദ്ധ നീക്കങ്ങളുടെ ഭാഗമാകുന്നുവെന്ന പ്രചാരണം ശക്തമാക്കാനും അദാനി വിഷയം ഉയർത്തി രാഹുൽ  നേടിയ പ്രതിച്ഛായ ഇടിക്കാനുമുള്ള സർക്കാർ ശ്രമത്തിൻറെ തുടർച്ചയായാണ് ഇന്നത്തെ ദില്ലി പൊലീസ് നടപടി വിലയിരുത്തപ്പെടുന്നത്. കർണ്ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുലിനെതിരായ വ്യക്തിപരമായ നിലപാട് കടുപ്പിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ തീരുമാനം. 

രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന അസാധാരണ നാടകങ്ങൾ പൊതുതെരഞ്ഞെടുപ്പിൻറെ കൂടി അന്തരീക്ഷം ഒരുക്കുകയാണ്. ഭാരത് ജോഡോ യാത്ര വിജയമാക്കിയും പാർലമെൻറിൽ മോദിക്കെതിരെ ആഞ്ഞടിച്ചും രാഹുലിന് പാർട്ടിക്കകത്തും പുറത്തും സ്വീകാര്യത കൂട്ടാൻ കഴിഞ്ഞിരുന്നു. സർക്കാർ ഒരു വ്യവസായിക്ക് വേണ്ടി നില നിൽക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാൻ രാഹുലിന് സാധിച്ചു. സുപ്രീംകോടതി ഇക്കാര്യത്തിൽ നടത്തിയ ഇടപെടലും രാഹുലിന് നേട്ടമായി.

ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുന്ന പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത് വെല്ലുവിളിയാകുമെന്നാണ് ബിജെപി വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രാഹുലിൻറെ വാക്കുകൾ മറയാക്കി വ്യക്തിപരമായ ആക്രമണം ബിജെപി കടുപ്പിക്കുന്നത്. യുകെയിൽ രാഹുൽ ഇന്ത്യയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാർലമെൻറിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നീക്കം സർക്കാർ തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും മുതിർന്ന മന്ത്രിമാരെ രംഗത്തിറക്കിയാണ് രാജ്യവിരുദ്ധ നിലപാടാണ് രാഹുലിനെന്ന വാദം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത്. ഇതിനു പുറമെയാണ് സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ തെളിവു ചോദിക്കുന്ന പൊലീസ് നടപടിയും വരുന്നത്. രാഹുലിൻറെ വീട്ടിൽ കയറി നോട്ടീസ് നൽകിയത് ബിജെപി അണികൾക്ക് ആവേശമാകും. എന്നാൽ അദാനി-മോദി ബന്ധം ഉയർത്തിയുള്ള പ്രചാരണത്തിൽ തൽക്കാലം ഉറച്ചു നിന്ന് ഇതിനെ നേരിടാനാണ് കോൺഗ്രസ് തീരുമാനം. 

അദാനിക്കെതിരായ നീക്കത്തിൽ ചില കക്ഷികളൊഴിച്ച് എല്ലാവരും കോൺഗ്രസിൻറെ കൂടെയാണ്. എന്നാൽ രാഹുലിന്റെ പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദത്തിൽ ഡിഎംകെ മാത്രമാണ് പരസ്യപിന്തുണ നല്കുന്നത്. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും മോദി- രാഹുൽ പോരാട്ടമായി വരുന്ന തെര‍ഞ്ഞെടുപ്പുകളെ മാറ്റാനും ബിജെപി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. കോൺഗ്രസ് ഇതിന് നിന്നുകൊടുക്കുന്നതായി മമത ബാനർജിയെ പോലുള്ളവർ ആരോപിക്കുന്നു. എന്തായാലും ഇന്ന് രാഹുലിൻറെ വസതിയിൽ കണ്ടതിന് സമാനമായ നീക്കങ്ങൾ ബിജെപി വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് സാധ്യത. 

click me!