
ദില്ലി: ദാരിദ്ര്യവും സന്തോഷമില്ലായ്മയും കാരണം മരിക്കുകയാണെന്ന് കത്തെഴുതി ദമ്പതികൾ ജീവനൊടുക്കി. ലുധിയാനയിലെ പമാലിലാണ് സംഭവം. 55 കാരനായ ഗുർമീത് സിങ്ങും 50 വയസ്സുള്ള ഭാര്യ നരീന്ദർ കൗറുമാണ് വീട്ടിൽ ജീവനൊടുക്കിയത്. ഇവരുടെ രണ്ട് മക്കൾ കാനഡയിൽ സ്ഥിരതാമസവും മറ്റൊരു മകൻ ലുധിയാനയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുകയുമാണ്. ദമ്പതികൾ എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലാണ് ദാരിദ്ര്യത്തെക്കുറിച്ചും അസന്തുഷ്ടിയെക്കുറിച്ചും പറയുന്നത്. മക്കളെ കുറ്റപ്പെടുത്തരുതെന്ന് കത്തിൽ അഭ്യർത്ഥിച്ചു.
ലുധിയാന ജില്ലയിലെ പമാൽ ഗ്രാമത്തിലുള്ള വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേജുള്ള കുറിപ്പിൽ, സ്വന്തം ഇഷ്ടപ്രകാരം കടുത്ത നടപടി സ്വീകരിക്കുകയാണെന്ന് എഴുതിയിരുന്നു. ജീവിതത്തിൽ അസന്തുഷ്ടരാണെന്നും മക്കളെ പൊലീസ് ഉപദ്രവിക്കരുതെന്നും പറഞ്ഞിരുന്നു. ദാരിദ്ര്യത്തിലാണ് ഞങ്ങൾ ജനിച്ചത്, ദാരിദ്ര്യത്തിലാണ് ഞങ്ങൾ മരിക്കുന്നതെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് ലുധിയാന റൂറൽ പോലീസിന്റെ ഡിഎസ്പി (ദാഖ) കരൺ സിംഗ് സന്ധു പറഞ്ഞു. സംഭവം ഒരുപാട് ദുരൂഹതകൾ അവശേഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ മൂത്ത മകനും മകളും കാനഡയിലാണ് സ്ഥിരതാമസമാക്കിയത്. ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ഡിഎംസിഎച്ച്) വാർഡ് അറ്റൻഡന്റായി ജോലി ചെയ്യുന്ന ഇളയ മകനോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് മക്കളെ കാനഡയിലേക്ക് അയയ്ക്കാൻ ഏകദേശം 2-2.5 ഏക്കർ ഭൂമി വിറ്റതായി ഗ്രാമവാസികൾ പറഞ്ഞു.
താമസിയാതെ, അമ്മയായ നരീന്ദർ വിഷാദത്തിലേക്ക് വഴുതിവീണു. ഗുർമീത് അവളുടെ ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിച്ചുവെന്ന് അയൽവാസികൾ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്തിട്ടും നരീന്ദറിന്റെ അവസ്ഥ മെച്ചപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു, ആരോഗ്യസ്ഥിതിയും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും കുട്ടികൾ അകലെയായിരുന്നതും ദമ്പതികളെ അങ്ങേയറ്റത്തെ നടപടിയിലേക്ക് നയിച്ചിരിക്കാമെന്ന് കൂട്ടിച്ചേർത്തു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ മകൻ ഖുഷ്മീന്ദർ സിംഗ് (22) ആണ് മൃതദേഹങ്ങൾ കണ്ടതെന്ന് ഡിഎസ്പി സന്ധു പറഞ്ഞു. കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞു. മക്കളും ഇവരും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും മക്കൾ ഇവരോട് മോശമായി പെരുമാറിയിരുന്നില്ലെന്നും പൊലീസും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam