
രാംപൂർ: വിവാഹ ചടങ്ങ് കഴിഞ്ഞ് അതിഥികൾ പിരിഞ്ഞ് പോവും മുൻപ് വധുവിന് വയറുവേദന കടുത്തു. ആശുപത്രിയിലെത്തിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി. ഉത്തർ പ്രദേശിലെ റാംപൂർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. അസിംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. കുംഹാരിയ ഗ്രാമവാസിയായ റിസ്വാൻ എന്ന യുവാവിന്റെയും സമീപ ഗ്രാമമായ ബഹാദുർഗഞ്ചുകാരിയായ യുവതിയുടേയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇവർ തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളാനുള്ള മടിയാണ് വിവാഹം വൈകിയതിന് കാരണമായത്. യുവതി തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമാക്കണമെന്ന ആവശ്യവുമായി പൊലീസിന് നേരത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രാമമുഖ്യനൊപ്പം പൊലീസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയത്. ശനിയാഴ്ച വൈകുന്നേരമാണ് റിസ്വാൻ ബഹാദുർഗഞ്ചിൽ ബന്ധുക്കളുമായി എത്തി പരമ്പരാഗത രീതിയിലെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി വധുവുമായി മടങ്ങിയത്.
വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വിവാഹ ആഘോഷം പൂർത്തിയാവും മുൻപ് വയറുവേദന കടുത്തു. ഇതോടെ വരന്റെ വീട്ടുകാർ ഗ്രാമത്തിലെ ക്ലിനിക്കിലെ ഡോക്ടറുടെ സേവനം വീട്ടുകാർ തേടിയതോടെയാണ് വയറുവേദന പ്രസവ വേദനയാണെന്ന് തിരിച്ചറിയുന്നത്. ഞായറാഴ്ച പുലർച്ചയോടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സംഭവത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam