
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ നിർണായക ശക്തിയും ഏറെക്കാലം ബിജെപിയുടെ അമരക്കാനുമായിരുന്ന ബിഎസ് യെദിയൂരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. ഈ തെരഞ്ഞെടുപ്പിന് മുമ്പേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
ബിജെപിയുടെ കർണാടക ഘടകത്തിന്റെ ലിംഗായത്ത് മുഖമായ യെദിയൂരപ്പ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാല് തവണ മുഖ്യമന്ത്രിയായ ഏക നേതാവാണ്. വെള്ളിയാഴ്ചയാണ് അദ്ദേഹം അവസാനമായി നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കർണാടക ജനതയെ സേവിക്കാനാണ് താൻ ഒരോ ദിവസവും ചെലവഴിക്കുന്നതെന്ന് വികാരനിർഭരമായ പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. പ്രതിപക്ഷ നേതാവ് കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ സംഭാവനകളെ അഭിനന്ദിക്കാനും യെദിയൂരപ്പ മറന്നില്ല.
ജനസംഘത്തിന്റെയും ഇപ്പോൾ ബിജെപിയുടെയും പ്രവർത്തകനായ കാലം മുതൽ, ജനങ്ങളെ സേവിക്കുകയും താഴെത്തട്ടിലുള്ളവരുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. അധഃസ്ഥിതരുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രമിച്ചു. എ ബി വാജ്‌പേയി, മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കൊപ്പം പ്രവർത്തിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ജനങ്ങളെ സേവിക്കുന്നതിൽ സഹ നിയമസഭാംഗങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
ബിജെപിക്ക് അപ്രാപ്യമായിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകയിൽ ഭരണം പിടിച്ച് രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച നേതാവാണ് യെദിയൂരപ്പ. കോൺഗ്രസിന്റെയും ജനതാദളിന്റെയും ശക്തികേന്ദ്രമായ കർണാടകയിൽ ചിട്ടയായ പ്രവർത്തനം കൊണ്ട് ജനസ്സമ്മിതി നേടി അധികാരത്തിലേറി. നിരവധി ആരോപണങ്ങൾ നേരിട്ടു. ബിജെപിയിൽ പടലപ്പിണക്കത്തെ തുടർന്ന് കെജെപി രൂപീകരിച്ചെങ്കിലും ഏറെ താമസിയാതെ തിരിച്ചെത്തി.
മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, എന്നാൽ തമ്മിൽ തല്ലില്ല; കർണാടക കോൺഗ്രസ് പോരിൽ സിദ്ധരാമയ്യ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam