
നോയിഡ: നോയിഡയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിന് യൂബർ യാത്രയ്ക്കിടെയുണ്ടായത് ഭീകരമായ അനുഭവം. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ കാബ് അതിവേഗത്തിൽ ഓടിച്ചതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. യാത്രക്കാർ പകർത്തിയ വീഡിയോയിൽ വാഹനം അതിവേഗത്തിൽ പായുന്നതിൻ്റെയും ഇറങ്ങാൻ അനുവദിക്കാതെ ഡ്രൈവർ വാഹനം ഓടിക്കുന്നതിൻ്റെയും ദൃശ്യങ്ങളുണ്ട്. ഓഗസ്റ്റ് 14ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
യാത്രക്കാരനായ സഞ്ജയ് മോഹൻ തൻ്റെ ദുരനുഭവം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്. ഗ്രേറ്റർ നോയിഡ വെസ്റ്റിൽ നിന്ന് കോണാട്ട് പ്ലേസിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പോസ്റ്റിൽ പറയുന്നതനുസരിച്ച്, പാർത്തല പാലത്തിന് സമീപം പൊലീസ് ഇൻ്റർസെപ്റ്റർ വാഹനം യൂബർ ക്യാബ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ നിർദ്ദേശം അനുസരിക്കാതെ കാർ അതിവേഗത്തിൽ ഓടിച്ച് പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
“ഇന്ന് എനിക്കും എൻ്റെ കുടുംബത്തിനും ഭീകരമായ അനുഭവമാണുണ്ടായത്. നോയിഡയിലെ പാർത്തല പാലത്തിന് സമീപം ഒരു പോലീസ് ഇൻ്റർസെപ്റ്റർ വാഹനം ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവർ നിർത്തിയില്ല, പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു,” മോഹൻ എക്സിൽ കുറിച്ചു.
ഡ്രൈവർ അറസ്റ്റിൽ, 29,250 രൂപ പിഴ
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസ് കേസെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 29,250 രൂപ പിഴ ചുമത്തിയതായും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വീഡിയോകൾ വൈറലായതോടെ ഡ്രൈവറുടെ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നു. ഒരു വീഡിയോയിൽ, സ്ത്രീ ഭയന്ന് നിലവിളിക്കുന്നതും മകൾ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞ് വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്നതും കേൾക്കാം.
യൂബർ പ്രതികരിച്ചു
സംഭവത്തിൽ ഓൺലൈൻ കാർ റെന്റൽ കമ്പനിയായ യൂബർ പ്രതികരിച്ചു. യൂബർ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ഇമെയിൽ ഐഡിയും പങ്കുവെക്കുക. ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടാമെന്നാണ് കമ്പനി അറിയിച്ചത്.