Asianet News MalayalamAsianet News Malayalam

ബം​ഗാളിൽ കൊടുങ്കാറ്റ് ശമിച്ചു, കേരളത്തിൽ പവനായി ശവമായി, യുപിയിൽ ബിജെപി നേതാവ് കോൺ​ഗ്രസിലേക്കോ...

പുതിയ ​ഗവർണറും മലയാളിയുമായ സി.വി. ആനന്ദബോസുമായുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ രസതന്ത്രത്തിന് വലിയ പ്രശ്നങ്ങളില്ല. മുൻ​ഗാമിയെപ്പോലെയല്ല, ആനന്ദബോസെന്നാണ് മമതയുടെ ഇതുവരെയുള്ള അഭിപ്രായം.

Bengal is now quite, BJP Leader may Join Congress in UP-From India gate latest edition
Author
First Published Jan 10, 2023, 9:09 PM IST

Bengal is now quite, BJP Leader may Join Congress in UP-From India gate latest edition

ധൻകറെന്ന വന്മരം പോയി,  ബം​ഗാളിൽ മമതയും ആനന്ദബോസും ഭായി-ബഹൻ

കീരിയും പാമ്പുമായിരുന്നു ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മുൻ ​ഗവർണർ ജ​ഗദീപ് ധൻകറും. ഇരുവർക്കും അഭിപ്രായ സമന്വയമുണ്ടായ വിഷയങ്ങൾ നന്നേ വിരളം. ​ഗവർണർക്കെതിരെയുള്ള സർക്കാറിന്റെയും മമതയുടെയും പരാതികൾ കേന്ദ്രത്തിലേക്ക് മിസൈൽ വേ​ഗത്തിൽ പറന്നു.  ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാ​ഗവും കൊമ്പുകോർത്ത ദിനങ്ങൾ. ഇപ്പോൾ ബം​ഗാൾ ശാന്തമാണ്. പുതിയ ​ഗവർണറും മലയാളിയുമായ സി.വി. ആനന്ദബോസുമായുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ രസതന്ത്രത്തിന് വലിയ പ്രശ്നങ്ങളില്ല. മുൻ​ഗാമിയെപ്പോലെയല്ല, ആനന്ദബോസെന്നാണ് മമതയുടെ ഇതുവരെയുള്ള അഭിപ്രായം. സി.വി. ആനന്ദബോസിന്റെ നിയമനത്തെക്കുറിച്ച് മമതാ ബാനർജിക്ക് ആശങ്കയുണ്ടായിരുന്നു. ആനന്ദബോസ് നല്ല മനുഷ്യനാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പും നൽകി. അതുകൊണ്ടുതന്നെ ​ഗവർണർ കുപ്പായമിട്ട് എത്തിയ ആനന്ദ ബോസിനെ മമതാ ബാനർജി മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ സ്വീകരിച്ചു. ഒരാളുടെ മനസ്സിലേക്ക് ഓടിക്കയറാനുള്ള പ്രധാന മാർ​ഗം രുചികരമായ ഭക്ഷണമാണെന്ന് മമതാ ബാനർജിക്ക് ആരും പറഞ്ഞുനൽകേണ്ട. അതുകൊണ്ടുതന്നെ ഭക്ഷണ നയതന്ത്രമായിരുന്നു മമതയുടെ ആദ്യത്തെ ചുവട്. ബം​ഗാളിലെത്തിയെങ്കിലും കേരളീയ ഭക്ഷണം ഒഴിവാക്കേണ്ടെന്ന് മമത ആനന്ദബോസിനോട് സൂചിപ്പിച്ചു. എന്നാൽ, ബംഗാളി ഭക്ഷണം തനിക്ക് ആസ്വാദ്യകരമാണെന്ന് ​ഗവർണർ മറുപടി നൽകി. എങ്കിലും മമത വിട്ടി. താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ​ഗവർണറുടെ ഭാര്യക്ക് മനസ്സിലാകും. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്ന് ഒരു പാചകക്കാരനെ നിയമിക്കാമെന്നും മടിക്കരുതെന്നും ​ഗവർണറുടെ ഭക്ഷണകാര്യത്തിൽ സംസ്ഥാന സർക്കാർ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നും മമത ഉറപ്പ് നൽകി. 

അവിടം കൊണ്ടെന്നും അവസാനിക്കുന്നതായിരുന്നില്ല മമതയുടെ സ്നേ​ഹം. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ വാടകയ്ക്കെടുത്ത വിമാനം ഗവർണർക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ആദ്യ യോഗത്തിൽ തന്നെ മമത അറിയിച്ചു. ഇടയ്ക്ക് നാട്ടിൽ പോയി വരാൻ പോലും ​ഗവർണർക്ക് സർക്കാർ വിമാനം ഉപയോ​ഗിക്കാം. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞെങ്കിലും വിനയം കൊണ്ടായിരിക്കാം ഗവർണർ ഇതുവരെ ഈ ഓഫർ ഉപയോ​ഗിച്ചിട്ടില്ല. ഇരുവരും ഇപ്പോൾ നല്ല സൗഹൃദത്തിലാണ് പോകുന്നത് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായാണ് ചിലർ ഈ ബന്ധത്തെ കാണുന്നത്. എപ്പോൾ വേണമെങ്കിലും ​ഗവർണറും സർക്കാറും തമ്മിൽ ഇടയാമെന്നാണ് കൊൽക്കത്തയിൽ നിന്നുള്ള അഭ്യൂഹം. 

Bengal is now quite, BJP Leader may Join Congress in UP-From India gate latest edition

ഒടുവില്‍ പവനായി ശവമായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് കേരളത്തിന്റെ സമീപകാല രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു. ഏത് സമയവും എന്തും സംഭവിക്കുമെന്ന പ്രതീതിയിലായിരുന്നു പലപ്പോഴും കാര്യങ്ങള്‍. ഇത് വരെയുള്ള കേരളഗവര്‍ണര്‍മാര്‍ പരസ്യമായി  സംസാരിച്ചതിന്റെ എത്രയോ ഇരട്ടി ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് സംസാരിച്ചു. തന്നെ കൂച്ച് വിലങ്ങിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന് നിന്ന് കൊടുക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സര്‍ക്കാരും ഒട്ടും പിന്നോട്ടായിരുന്നില്ല. അടിക്ക് തിരിച്ചടി എന്നത് തന്നെയായിരുന്നു അവരുടെയും നിലപാട്. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ക്കപ്പുറം ഒരിഞ്ച് പോകാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പലവട്ടം ഗവര്‍ണറെ ഓര്‍മിപ്പിച്ചു. ഇടത് നേതാക്കളെല്ലാം ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. ഗവര്‍ണര്‍ പദവി വേണ്ടാത്തതാണെന്ന ചര്‍ച്ച അവര്‍ സജീവമാക്കി.

അവര്‍ പറയുക മാത്രമായിരുന്നില്ല, ഭീഷണി നിയമനിര്‍മാണത്തിലേക്കും കടന്നു. സര്‍വകലാശാലാ ചാന്‍സലറെന്ന ഏറ്റവും സുപ്രധാനമായ പദവി എടുത്തുകളയാനായി നിയമസഭാ സമ്മേളനം ചേര്‍ന്നു. ഗവര്‍ണര്‍ ഈ ബില്ലില്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്ന് കരുതി തന്നെ സര്‍ക്കാര്‍ അതിനായി തുനിഞ്ഞിറങ്ങി. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സുപ്രീംകോടതിയിലേക്ക് പോകാന്‍ സര്‍ക്കാര്‍ തയ്യാറാുകുന്നതിനിടെ സര്‍ക്കാര്‍ മറ്റൊരു തീരുമാനമെടുത്തു. ഭരണഘടനാ വിഷയത്തില്‍ രാജി വക്കേണ്ടി വന്ന സജി ചെറിയാനെ വീണ്ടു മന്ത്രിയാക്കാന്‍ അവര്‍ തീരുമാനമെടുത്തു. സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് സൂചനയുണ്ടെയെങ്കിലും അദ്ദേഹം വഴങ്ങി. ഒടുവില്‍ പവനായി ശവമായെന്ന സിനിമാ ഡയലോഗ് പോലെയായി കാര്യങ്ങള്‍. 

നേരത്തേ ക്രിസ്തുമസ് ആഘോഷിക്കാനായി മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചിരുന്നു. സമവായത്തിനായി ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന  തോന്നലുണ്ടായപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറിയതും വലിയ വാര്‍ത്തയായി. പിന്നീട് മുഖ്യമന്ത്രി ഗവര്‍ണറെ വിളിക്കാതെ തലസ്ഥാനത്ത് തന്നെ ക്രിസ്തുമസ് ആഘോഷിച്ചതും ഗവര്‍ണര്‍ക്കുള്ള താക്കീതായിരുന്നു. പക്ഷേ സജി ചെറിയാന്റെ സത്യപ്രതിജ്ഞയോടെ കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. ഗവര്‍ണര്‍ സമവായത്തിനായുളള പച്ചക്കൊടി കാണിച്ചതോടെ ചുവപ്പ് കൊടിയുമായി നിന്നിരുന്ന സര്‍ക്കാരും അയഞ്ഞു. അങ്ങനെയെങ്കില്‍ നയപ്രഖ്യാപനം നടത്താമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസംബറില്‍ അവസാനിച്ച സഭാസമ്മേളനം തുടര്‍ന്ന് കൊണ്ട് പുതുവര്‍ഷത്തിലെ നയപ്രഖ്യാപനം വേണ്ടെന്ന് വക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം

അതില്‍ നിന്ന്  അവരും പിന്‍മാറി. ഫലത്തില്‍ ഇപ്പോള്‍ ഏതാണ്ടെല്ലാം കോംപ്രമൈസ് ആയ പ്രതീതിയാണ്. അപ്പോഴും രണ്ട് ബില്ലുകള്‍ അദ്ദേഹം ഒപ്പിട്ടിട്ടില്ല. തന്നെ മാറ്റി പുതിയ സര്‍വകലാശാലാ ചാന്‍സലര്‍മാരെ വെക്കുന്ന ബില്ലില്‍ രാഷ്ട്രപതി തീരുമാനം  എടുക്കട്ടെയെന്നാണ് ഗവര്‍ണറുടെ നിലപാട്. ലോകായുക്ത ഭേദഗതി ബില്ലും ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. സഭ പാസാക്കിയ 17 ബില്ലുകള്‍ അംഗീകരിച്ച് ഗവര്‍ണര്‍ രംഗം തണുപ്പിച്ചു. പ്പോള്‍ പ്രതിപക്ഷം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍  ഒത്തുകളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്ന് ഞങ്ങള്‍ പറഞ്ഞതിപ്പോള്‍ ശരിയായില്ലേ. ഇവര്‍ രണ്ട് പേരും ഒക്ക ചങ്ങാതിമാരാണ് ഇവര്‍ക്ക് ഇങ്ങനെ പെരുമാറാനേ കഴിയൂ.

Bengal is now quite, BJP Leader may Join Congress in UP-From India gate latest edition

പൂഴിക്കടകനുമായി സർക്കാർ, യുപിയിൽ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ സ്വപ്നം വീണുടഞ്ഞു

ഉത്തർപ്രദേശിന്റെ ചീഫ് സെക്രട്ടറിയാകുക എന്നത് ഏതൊരു ഐഎഎസ് ഉദ്യോ​ഗസ്ഥന്റെയും ആ​ഗ്ര​ഹങ്ങളിലൊന്നാകാം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ കടിഞ്ഞാൺ പിടിക്കുക എന്നാൽ അത്ര ചില്ലറക്കാര്യമല്ല എന്നതാണ് ആ​ഗ്രഹത്തിന്റെ പ്രാധന കാരണങ്ങളിലൊന്ന്. യോ​ഗി സർക്കാറിന്റെ പുതിയ തീരുമാനത്തിലൂടെ. ചീഫ് സെക്രട്ടറി കുപ്പായം തുന്നിവെച്ച പല ഐഎഎസ് ഓഫിസർമാരുടെയും സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്.  നിലവിൽ യുപിയുടെ ചീഫ് സെക്രട്ടറിയായിരുന്ന ദുർ​ഗ പ്രസാദ് മിശ്രയുടെ കാലാവധി ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് അവസാനിക്കേണ്ടതാണ്. 1984 ബാച്ചുകാരനായ മിശ്ര കഴിഞ്ഞ വർഷം അവസാനം വിരമിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അതുകൊണ്ടുതന്നെ പുതിയ ചീഫ് സെക്രട്ടറി പദത്തിനായുള്ള ചരടുവലി നാനാഭാ​ഗങ്ങളിൽ നിന്ന് തുടങ്ങി. പുതുവർഷ ദിനത്തിൽ സർക്കാറിന്റെ സർക്കാർ തീരുമാനം വന്നതോടെ പലരും തയ്പ്പിച്ച് വെച്ച ചീഫ് സെക്രട്ടറി കുപ്പായം മടക്കി അലമാരയിൽ വെച്ചു. നിലവിലെ ചീഫ് സെക്രട്ടറിയായ ദുർ​ഗ ശങ്കർ മിശ്രക്ക് ഒരുവർഷം കൂടി അധികം നീട്ടി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. യുപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് രണ്ടുതവണ ചീഫ് സെക്രട്ടറി സ്ഥാനം നീട്ടി നൽകുന്നത്.  
 2021 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രമാണ് മിശ്രയെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സർവീസ് നീട്ടി 2022 ഡിസംബർ 31വരെയാക്കി. കേന്ദ്രത്തിൽ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസം നേടിയതാണ് മിശ്രക്ക് തുണയായതെന്നാണ് അണിയറ സംസാരം. എന്തായാലും മിശ്രയുടെ കാലാവധി നീട്ടി നൽകിയതിൽ നിരവധി മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ സ്വപ്നമാണ് തകർന്നത്. 

യുവനേതാവിന്റെ നോട്ടം കോൺ​ഗ്രസിലേക്കോ, പോകുന്നെങ്കിൽ പോകട്ടെയെന്ന് ബിജെപിയും

ബിജെപിയിലെ പ്രധാന നേതാവ് കോൺ​ഗ്രസിലേക്ക് ഘർ വാപസി നടത്തുമോ എന്നതാണ് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. യുപിയിൽ ശിവ്പാൽ യാദവ് കുടുംബത്തോടും പാർട്ടിയോടും വീണ്ടും ഒന്നിച്ചതോടെ, ഇപ്പോൾ ബിജെപിയിലെ പ്രമുഖ നേതാവിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. ബിജെപി നേതൃത്വത്തിനും കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കുമെതിരെ നിരന്തരമായി രൂക്ഷ വിമർശനമുന്നയിക്കുന്ന ഈ നേതാവ് എപ്പോൾ കോൺ​ഗ്രസ് പാളയത്തിലേക്ക് മടങ്ങുമോ എന്നതാണ് ഉറ്റുനോക്കുന്നത്. സർക്കാറിനെതിരെ വിമർശനം ഉന്നയിക്കരുതെന്ന് ബിജെപി നേതൃത്വം വിലക്കിയിട്ടും യുവനേതാവിന് കുലുക്കമില്ല. തന്റെ കസിൻ സഹോദരിയും കോൺഗ്രസ് നേതാവുമായി അടുത്തിടെ അദ്ദേഹം ചർച്ച നടത്തിയെന്നും വാർത്തകൾ കേൾക്കുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇദ്ദേഹം ബിജെപി വിട്ടേക്കുമെന്നാണ് ദില്ലിയിൽ നിന്ന് കേൾക്കുന്ന കുശുകുശുപ്പ്. ഈ നേതാവ് പോകുന്നതിൽ ബിജെപിക്കും എതിർപ്പില്ല. എങ്ങനെയെങ്കിലും ശല്യം ഒഴിവായി തന്നാൽ മതിയെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. 

Follow Us:
Download App:
  • android
  • ios