
സോനിപത്: മഹാരാഷ്ട്രയിലെ ഒരു വസ്ത്ര വ്യാപാരിയായിരുന്നു ശിവചരൺ രത്തൻ ഗുപ്ത. തൻ്റെ മൂന്നു പെൺമക്കളെയും വളർത്തി വലുതാക്കി പഠിപ്പിച്ച് ഉന്നത നിലകളിൽ എത്തിച്ചു. മക്കൾ പലയിടത്തായതോടെ വാർധക്യത്തിൽ ഒരു കൈത്താങ്ങ് വേണ്ടതുകൊണ്ട് ഭാര്യ മീന ഗുപ്തയ്ക്കൊപ്പം ശിവചരൺ വൃദ്ധസദനത്തിലാക്കി തന്റെ ശിഷ്ഠകാലം. പ്രിയതമ വിടപറഞ്ഞതോടെ വൃദ്ധസദനത്തിൽ തനിച്ചായി അദ്ദേഹം. ഒടുവിൽ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും ഉറ്റവരില്ലാത്ത ഗതികേട്. വൃദ്ധസദനത്തിൽ വെച്ചുതന്നെ ശിവചരണും മൺമറഞ്ഞു. മക്കൾ മൂന്നുണ്ടെങ്കിലും അന്ത്യക്രിയ ചെയ്യാൻ പോലും ആരും എത്തിയില്ല. ഒടുവിൽ വൃദ്ധസദത്തിലെ ജീവനക്കാർ തന്നെ ശിവചരണിന് ചിതയൊരുക്കി.
ഹരിയാനയിലെ സോനിപത്തിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. 18 മാസം മുമ്പാണ് സോന്നിപത്തിലുള്ള വൃദ്ധസദനത്തിലേക്ക് ശിവചരൺ രത്തൻ ഗുപ്ത ഭാര്യ മീന ഗുപ്തയ്ക്കൊപ്പം എത്തുന്നത്. പിന്നീട് ഭാര്യ മരണപ്പെട്ടതോടെ ശിവചരൺ ഒറ്റക്കായി. നേപ്പാളിൽ താമസിക്കുന്ന അനിത ആണ് ശിവചരണിൻ്റെ മൂത്തമകൾ, അധ്യാപികയാണ്. രണ്ടാമത്തെ മകൾ, നിഷ അസംഗഡിലാണ് താമസം. ഇളയവൾ പ്രിയ മുംബൈയിലും. മൂന്നു മക്കളെയും ശിവചരൺ മൊബൈൽ ഫോണിലൂടെ ആണ് ബന്ധപ്പെട്ടിരുന്നതെന്ന് വൃദ്ധസദനത്തിലെ മാനേജറായ ആനന്ദ് പറഞ്ഞു.
ശിവചരണിൻ്റെ ആരോഗ്യസ്ഥിതി മോശമായതോടെ മക്കളുടെ ഫോൺ കോളുകൾ അപൂർവമായി. ആരോഗ്യം വഷളായതോടെ വൃദ്ധസദന അധികൃതർ മൂന്നു മക്കളെയും ബന്ധപ്പെട്ട് പിതാവിനെ കാണാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ മൂവരും എത്തിയില്ല. ശിവചരൺ വിടവാങ്ങിയതോടെ മക്കൾ എത്താനായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനിച്ചെങ്കിലും വരാൻ സമയമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്കാരം നടത്തിക്കൊള്ളാൻ മക്കൾ പറഞ്ഞു.
മൂത്തമകൾ അനിത, സംസ്കാരച്ചെലവുകൾക്കായി 5,100 രൂപ അയച്ചു നൽകി. വൃദ്ധസദനത്തിലെ ജീവനക്കാർ ചേർന്ന് ശിവചരണിന് ചിതയൊരുക്കുന്ന കാഴ്ച മക്കൾ വീഡിയോ കോളിലൂടെ കണ്ടു. സംസ്കാര ചടങ്ങുകളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അയച്ചുനൽകണമെന്നും ആവശ്യം. അച്ഛൻ്റെ ചിതാഭസ്മം സൂക്ഷിച്ചു വെക്കണമെന്നും പിന്നീട് വന്ന് വാങ്ങിക്കൊള്ളാമെന്നും ആദ്യം പറഞ്ഞെങ്കിലും മക്കളുടെ മനസ്സ് മാറി. തങ്ങൾക്ക് വരാൻ കഴിയില്ലെന്നും ചിതാഭസ്മം ഗംഗയിൽ ഒഴുക്കിക്കൊള്ളാനും വൃദ്ധ സദന അധികൃതർക്ക് നിർദേശം നൽകി. മനസാക്ഷിക്ക് നിരക്കാത്ത മക്കളുടെ ഈ ചെയ്തികളിൽ അതിയായ ദുഖത്തിലാണ് വൃദ്ധസദനത്തിലെ ജീവനക്കാരും ആ നാട്ടുകാരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam