
ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിലേക്കെത്തിയ തീർത്ഥാടകരുമായി പറന്നുയർന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് 7 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടർ സർവ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസ്. ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. രണ്ട് വയസുള്ള കുഞ്ഞും പൈലറ്റും അടക്കം ഏഴ് പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ബെൽ 407 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിന് സമീപം തകർന്ന് വീണ ഹെലികോപ്ടർ സർവ്വീസ് നടത്തിയത് അനുവദിച്ച സമയത്തല്ലെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
1934ലെ എയർക്രാഫ്റ്റ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ആര്യൻ ഏവിയേഷന്റെ മാനേജർ കൗശിക് പാഥക്, വികാസ് തോമർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. റവന്യൂ പൊലീസ് സബ് ഇൻസ്പെക്ടർ രാജീവ് നാഖോലിയയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ആര്യൻ ഏവിയേഷന് ഹെലികോപ്ടർ സർവ്വീസ് നടത്താൻ അനുമതി നൽകിയിരുന്നത് ജൂൺ 15ന് രാവിലെ 6 മുതൽ 7 വരെയായിരുന്നു. എന്നാൽ ഇതിന് മുൻപ് നടത്തിയ സർവ്വീസിനിടയ്ക്കാണ് അപകടമുണ്ടായതെന്നാണ് പരാതി വിശദമാക്കുന്നത്. ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യും മുൻപ് കാലാവസ്ഥ പരിശോധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഞായറാഴ്ച രാവിലെ മുതൽ തന്നെ മേഘാവൃതവും കോടമഞ്ഞും നിറഞ്ഞതായിരുന്നു അന്തരീക്ഷം. ഡിജിസിഎയും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയും നൽകിയ നിർദ്ദേശം ആര്യൻ ഏവിയേഷൻ അവഗണിച്ചതായും ഇത് പാലിക്കാതിരുന്നാൽ ആൾനാശമുണ്ടാകുമെന്ന് സ്ഥാപനത്തിന് അറിവുണ്ടായിരുന്നുവെന്നുമാണ് പരാതിയിലെ ആരോപണം.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായത്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. 2025ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട് ഇതിനോടകമുണ്ടായ ഹെലികോപ്ടർ അപകടങ്ങളിൽ 12 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം