സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കും; റിയാ ചക്രബർത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി

By Web TeamFirst Published Aug 5, 2020, 10:56 PM IST
Highlights

കേസ് സിബിഐക്ക് കൈമാറി കേന്ദ്രം ഉത്തരവിറക്കി. ബിഹാ‍ർ സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചതായി രാവിലെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 

ദില്ലി:  നടന്‍ സുശാന്ത് സിം​ഗ് രജ്പുതിന്റെ  മരണം സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് കൈമാറി കേന്ദ്രം ഉത്തരവിറക്കി. ബിഹാ‍ർ സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചതായി രാവിലെ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മുംബൈ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.

സുശാന്ത് സിംഗ് മരിച്ച് 52 ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് വിടുന്നത്. കേസ് അന്വേഷണത്തെ ചൊല്ലി ബിഹാർ,മുംബൈ പൊലീസിനിടെയിലെ പോര് മുറുകുന്നതിനിടെയാണ് കേന്ദ്ര ഇടപെടൽ. സുശാന്തിന്റെ അച്ഛൻ പട്ന പൊലീസിൽ നൽകിയ പരാതിയിലുള്ള കേസ് സിബിഐക്ക് വിടാൻ ഇന്നലെയാണ് ബിഹാർ സർക്കാർ ശുപാർശ ചെയ്തത്.  ശുപാർശ കേന്ദ്രം അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെ കേന്ദ്ര പേഴ്സണൽ മന്ത്രാലയം  കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി.

സുശാന്തിന്റെ മുൻ മാനേജ‍ർ ദിഷ സലൈന്റെ മരണവും സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയും ഇന്ന് സുപ്രീം കോടതിയിലെത്തി. ദിഷയുടെ മരണവുമായി സുശാന്തിന്റെ ആത്മഹത്യക്ക് ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. അതേ സമയം  കേസിലെ മുംബൈ പൊലീസിന്റെ ഇടപെടൽ കാര്യക്ഷമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അന്വേഷണത്തിനെത്തിയ പാട്ന എസ്പിയെ ക്വാറന്റൈൻ ചെയ്തത്  നല്ല സന്ദേശമല്ല നൽകുന്നതെന്നും വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന്  മഹാരാഷ്ട്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. 

മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുശാന്തിന്റെ അച്ഛൻ കഴിഞ്ഞ ഇരുപത്തിയെട്ടിന് ബിഹാർ പൊലീസിനെ സമീപിച്ചത്. സിബിഐ അന്വേഷണം വേണമെന്ന്  സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. ബിഹാ‍ർ നിയമസഭയും വിഷയം ചര്‍ച്ച ചെയ്തു. കേസ് മഹാരാഷ്ട്ര സർക്കാരിനെതിരെ ആയുധമാക്കിയ പ്രതിപക്ഷത്തിന് കേന്ദ്ര തീരുമാനം രാഷ്ട്രീയ വിജയം കൂടിയാകുകയാണ്. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടാണ് കേന്ദ്ര നീക്കം.

അതിനിടെ, നടി റിയാ ചക്രബർത്തിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെൻര് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസിലാണ് ചോദ്യം ചെയ്യുക. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെയും ആരോപണങ്ങളുയർന്നിരുന്നു.

click me!