Latest Videos

സിബിഎസ്ഇ പരീക്ഷ മാറ്റുമോ? നിർണായക തീരുമാനമെടുക്കാൻ യോഗം വിളിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Apr 14, 2021, 11:51 AM IST
Highlights

വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‍റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പ്രധാനമന്ത്രി കാണുന്നത്. ദില്ലി മുഖ്യമന്ത്രിയടക്കം സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ, സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വിദ്യാഭ്യാസത്തിന്‍റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‍റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പ്രധാനമന്ത്രി കാണുന്നത്. ദില്ലി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

മെയ് നാലിനാണ് സിബിഎസ്ഇ 10, 12 പരീക്ഷകൾ നടക്കാനിരിക്കുന്നത്. ഓഫ് ലൈനായിട്ടാകും പരീക്ഷകൾ നടത്തുകയെന്ന് സിബിഎസ്ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിലാണ് പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചത്. അന്ന് കൊവിഡ് നിയന്ത്രണത്തിലായ ഘട്ടത്തിലായിരുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകൾ പതിനയ്യായിരത്തിൽ താഴെയായ കാലത്താണ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചത്.

എന്നാൽ ഇന്ന് മാത്രം രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ 1.84 ലക്ഷമാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരടക്കം നിരവധി നേതാക്കളും സംസ്ഥാനങ്ങളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. ദില്ലിയിൽ മാത്രം ആറ് ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതാനിരിക്കുന്നത്. ഒരു ലക്ഷം അധ്യാപകർ പരീക്ഷാഡ്യൂട്ടിയിലുണ്ടാകും. ഓൺലൈൻ മാതൃകയിൽ പരീക്ഷ നടത്തണമെന്നും, ഒരു മാസം കൊണ്ട് അതിനുള്ള സജ്ജീകരണങ്ങളൊരുക്കണമെന്നുമാണ് ദില്ലി സർക്കാരിന്‍റെ ആവശ്യം. ഇന്‍റേണൽ അസസ്മെന്‍റ് മാർക്കിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടനയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കുട്ടികളും, ബഹുഭൂരിപക്ഷം അധ്യാപകരും ഇപ്പോഴും വാക്സീൻ സ്വീകരിച്ചിട്ടില്ലാത്തതിനാൽ വൻ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. 

click me!