
ദില്ലി: എച്ച്3 എൻ2 വ്യാപനത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം.
രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നൽകിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
Also Read: എച്ച് 3എൻ 2 വൈറസ് ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
ഇൻഫ്ലുവൻസ വൈറസിന്‍റെ ഒരു വകഭേദമാണ് എച്ച്3 എൻ2. സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാൽ മരണത്തിലേക്കും വരെയെത്തുന്നതാണ് എച്ച്3 എൻ2. എച്ച്3 എൻ2 പകരാതിരിക്കാൻ കൊവിഡിന് സമാനമായ മുൻകരുതലുകളാണ് പ്രധാനം. ലക്ഷണങ്ങളും സമാനമായതിനാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? നോക്കാം.
എങ്ങനെ പ്രതിരോധിക്കാം...
ഒരു വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ശരിയായ വിശ്രമവും ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നതും വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എച്ച്3എൻ2 ഇൻഫ്ലുവൻസ ചികിത്സയുടെ ഭാഗമായി രോഗികൾക്ക് പനി കുറയ്ക്കാൻ അസറ്റാമിനോഫെൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള വേദനസംഹാരികൾ ഉപയോഗിക്കാമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.