
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ നാല് പേരിൽ ഒരാളായ കൗശൽ കിഷോർ ചൗബേ എന്നയാളുടെ വീടാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. കേസിലെ മറ്റ് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൗബെയെ ഇന്ന് അറസ്റ്റ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കേസിലെ പ്രതിയായ ചൗബേ സർക്കാർ ഭൂമി കയ്യേറിയാണ് വീട് കെട്ടിയത്. അത് ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ പ്രഷിത കുർമി വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ഉമേഷ് പാൽ വധക്കേസിലെ പ്രതിയും ഗുണ്ടാസംഘവും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ അടുത്ത സഹായിയുടെ വീട് കനത്തപൊലീസ് സാന്നിധ്യത്തിൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയിരുന്നു.
യുപിയിലെ ബന്ദ ജില്ലയിലും സമാനമായ നടപടിയുണ്ടായി. രാഷ്ട്രീയനേതാവ് മുഖ്താർ അൻസാരിയുടെ സഹായികളുടെ രണ്ട് അനധികൃത വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഡിസംബറിൽ മധ്യപ്രദേശ് സർക്കാർ, പങ്കജ് ത്രിപാഠി എന്ന വ്യക്തിയുടെ അനധികൃത വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കാൻ ഉത്തരവിട്ടിരുന്നു. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് 19 കാരിയായ കാമുകിയെ മർദ്ദിച്ചതിനെ തുടർന്നാണ് ഇയാളുടെ വീട് തകർത്തത്. കഴിഞ്ഞ മാസം മധ്യപ്രദേശിലെ ഭോപ്പാലിൽ 17 കാരിയായ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ജന്മദിന പാർട്ടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam