മഹാരാഷ്ട്ര സർക്കാരിൽ പൊട്ടിത്തെറി: ക്യാബിനറ്റ് പദവി കിട്ടാത്ത ശിവസേന മന്ത്രി രാജി വച്ചു

By Web TeamFirst Published Jan 4, 2020, 11:45 AM IST
Highlights

പുതിയതായി 36 പേരെക്കൂടി ഉള്‍പ്പെടുത്തി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ഇതിനു പിന്നാലെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍  രൂപപ്പെട്ടതായി സൂചനകള്‍ പുറത്തുവന്നിരുന്നു.

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. ക്യാബിനെറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. 

സത്യപ്രതിഞ്ജ ചെയ്ത് അഞ്ചുദിവസങ്ങൾക്കുള്ളിലാണ് അബ്ദുള്‍ സത്താറിന്‍റെ രാജി. വകുപ്പ് ഏതെന്ന് പ്രഖ്യാപിക്കാത്തതിലും സത്താർ പ്രതിഷേധത്തിലായിരുന്നു. 2019ലാണ് സത്താർ കോൺഗ്രസിൽ നിന്ന് രാജിവച്ച് ശിവസേനയിലെത്തിയത്. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്‍റെ പേരിലടക്കം  ബാൽതാക്കറെ വിമർശിച്ചിരുന്ന സത്താറിനെ മന്ത്രിയാക്കിയതില്‍ ബിജെപി നേതാക്കൾ ഉദ്ദവ് താക്കറെയെ പ്രതിരോധത്തിലാക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാജിയെന്നും വിവരമുണ്ട്. 2014ൽ കോൺഗ്രസ് എൻസിപി സർക്കാരിൽ സത്താർ മന്ത്രിയായിരുന്നു 

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്. പുതിയതായി 36 പേരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം. ഇതിനു പിന്നാലെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍  രൂപപ്പെട്ടതായി സൂചനകള്‍ പുറത്തുവന്നിരുന്നു. സൂചനകളെ ബലപ്പെടുത്തിക്കൊണ്ട്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. 

മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുള്ളതായി ലേഖനത്തില്‍ പറഞ്ഞിരുന്നെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന വകുപ്പുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കങ്ങളുണ്ട്. റവന്യു വകുപ്പ് ബാലാസാഹേബ് തൊറാട്ടിന് നല്‍കിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അശോക് ചവാന്‍ വിഭാഗം പ്രതിഷേധം അറിയിച്ചിരുന്നു. അനുഭവസമ്പത്ത് ഉള്ളവരെ തഴഞ്ഞെന്ന് അശോക് ചവാന്‍ വിഭാഗം ആരോപിച്ചെന്നും മുഖപത്രത്തില്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സംഗ്രാം തോപ്തെ ശിവസേനാ പ്രവര്‍ത്തകരെ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനവും സാമ്നയിലെ ലേഖനത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ശിവസേനയെ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍, തോപ്തെയുടെ അനുകൂലികള്‍ ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ ഗുണ്ടായിസം എന്നായിരുന്നു ലേഖനത്തിലെ വിമര്‍ശനം. 

ഇതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ശിവസേനയിലെ തന്നെ എംഎല്‍എമാര്‍ രംഗത്തെത്തിയത്. ഉദ്ധവ് താക്കറേ തന്നെ വഞ്ചിച്ചതായി ശിവസേന നേതാവ് ഭാസ്കര്‍ യാദവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്യാബിനെറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച് അബ്ദുള്‍ സത്താറും രാജിവച്ചിരിക്കുന്നത്. 

click me!